Sunday, December 30, 2007

ഒരു സീഡീ ഡ്രൈവിന്റെ പോസ്റ്റ് മോര്‍ട്ടം

ശ്രദ്ധിക്കുക: ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരീക്ഷിക്കുന്നെങ്കില്‍ അത് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ചെയ്യുക. ഇത് പരീക്ഷിക്കുന്നതു വഴിയുണ്ടാകുന്ന യാതൊരു വിധ കഷ്ട നഷ്ടങ്ങള്‍ക്കും ഞാന്‍ ഉത്തരവാദിയല്ല. സീഡി ഡ്രൈവിനകത്തുള്ള ലേസര്‍ ഡയോഡ് കാഴ്ച നഷ്ടപ്പെടാന്‍ വരെ കാരണമാകാം. അതിനാല്‍ തുറക്കുന്ന സമയത്ത് പവര്‍ ഓണ്‍ ചെയ്യാതിരിക്കുകയാണ് അഭികാമ്യം.

വേണ്ട ആയുധങ്ങള്‍ : ഫ്ലാറ്റ് ഹെഡ് സ്ക്രൂ ഡ്രൈവര്‍, ഫിലിപ്സ് സ്ക്രൂ ഡ്രൈവര്‍, പ്രിസിഷന്‍ ഡ്രൈവര്‍ സെറ്റ് (ഇതില്ലെങ്കില്‍ അറ്റം അത്യാവശ്യം കൂര്‍ത്ത ഒരു കത്തിയായാലും മതി), ക്ഷമ. ഒരിക്കലും അമിതബലം പ്രയോഗിക്കരുതേ. സമാധാനമായി ചെയ്താല്‍ സുഖമായി അഴിച്ചെടുക്കാം.

ഇനി സീഡി ഡ്രൈവിന്റെ പിന്നിലെ ലോഹ കവചം തുറക്കുക. ഡ്രൈവിന്റെ ഫേസ് പ്ലേറ്റിന്റെ പിന്നിലായി ഈ ഡ്രൈവ് ബേ മുന്നോട്ടും പിന്നോട്ടും നീക്കുന്ന മെക്കാനിസം കാണാം. (താഴെയായി ഒരു അര്‍ദ്ധ വൃത്താകൃതിയില്‍ മോട്ടറും അതിനോട് ചേര്‍ന്ന ഒരു വെളുത്തിരിക്കുന്ന മെക്കാനിക്കല്‍ ഭാഗവും ശ്രദ്ധിക്കുക). പീസീബി പിടിപ്പിച്ചിരിക്കുന്ന സ്ക്രൂകള്‍ അഴിച്ചെടുക്കലാണ് ആദ്യ പടി. ഒത്ത നടുക്കായി കാണുന്നത് സീഡി തിരിക്കുന്ന മോട്ടര്‍ അസംബ്ലി ആണ്. അതിന്റെ സ്ക്രൂകള്‍ അഴിച്ചെടുത്താല്‍ അത് വിടുവിച്ചെടുക്കാം


സ്ക്രൂഡ്രൈവറിന്റെ തലകൊണ്ട് സൂക്ഷിച്ച് സീഡി ഡ്രൈവിന്റെ ഫേസ് പ്ലേറ്റ് ഉറപ്പിച്ചിരിക്കുന്ന ലോക്കുകള്‍ തുറക്കുക. സീഡി ഡ്രൈവിന്റെ പ്രധാന അസംബ്ലികള്‍ പിടിപ്പിച്ചിരിക്കുന്ന സ്ക്രൂകള്‍ അഴിച്ചുമാറ്റുക. താഴെ കാണിച്ചിരിക്കുന്ന ചിത്രം ക്ലിക്ക് ചെയ്ത് കൂടുതല്‍ വിശദമായി കാണുക.


ഇതാണ് സീഡിയിലെ ‘എല്ലാം കാണുന്ന കണ്ണ്’. സൂക്ഷിച്ചു കൈകാര്യം ചെയ്യണേ. ഇവന്‍ പവര്‍ ഓണായാല്‍ മൂന്നാം തൃക്കണ്ണിന്റെ സ്വഭാവം കാണിക്കും :). സീഡി എടുക്കാതായ ഡ്രൈവില്‍ ഇവനെയാണ് വൃത്തിയാക്കാറ്‌. വൃത്തിയാക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ വൃത്തിയുള്ള മൃദുവായ ലെന്‍സ് തുടക്കുന്ന തുണി മാത്രം ഉപയോഗിക്കുക. ഇവന്‍ കേടായാല്‍ സീഡി ഡ്രൈവ് ഉപയോഗ ശൂന്യമാവും. ഇതിലെ കണ്ണിനു മുകളിലും താഴെയും കാണുന്ന രണ്ട് ചെറിയ കമ്പികള്‍ ഷോക്ക് അബ്സോര്‍ബര്‍ ആയി പ്രവര്‍ത്തിക്കും.



ഈ നിശ്ശബ്ദ യോദ്ധാവാണ് ഇതില്‍ സീഡിയെ അതിവേഗം കറക്കുന്നത്. നല്ല ശക്തിയുള്ള ഒരു സ്ഥിര കാന്തം ആണ് ഇതിനകത്ത്.


ഇതാ ഇതില്‍ എല്ലാം പറിച്ച് വിശദമായി കാണാന്‍ വെച്ചിട്ടുണ്ട്.



സൂക്ഷിച്ച് അഴിച്ചിട്ടുണ്ടെങ്കില്‍ ഇവനെ തിരിച്ചും അതേ പോലെ പിടിപ്പിക്കാം. ഉള്ളിലിരുന്നു സീഡി പൊട്ടുകയോ എന്തെങ്കിലും കുടുങ്ങുകയോ ചെയ്താല്‍ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് ഉപകരിക്കും. സ്ക്രൂകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം എന്ന് പ്രത്യേകം പറയണ്ടല്ലോ.

കുറച്ചു കാലമായി ഉറങ്ങിക്കിടക്കുന്ന ഈ ബ്ലോഗിനെ ഒന്നു ഉണര്‍ത്തിയെടുക്കാനാണ് ഈ പോസ്റ്റ്.
നന്ദി.

5 comments:

ശ്രീ said...

കൊള്ളാം. ഒരു പോസ്റ്റ്മോര്‍‌ട്ടം കൊണ്ടാണെങ്കിലും ബ്ലോഗ് പുനര്‍‌ജ്ജനീയ്ക്കുന്നെങ്കില്‍‌ നല്ലത്.

പുതുവത്സരാശംസകള്‍‌!
:)

അലി said...

പുതുവത്സരാശംസകള്‍!

Kiranz..!! said...

അതിന്റെ പരിപ്പിളക്കിയപ്പോ സമാധാനമായല്ലോ..:)

സാങ്കേതികത്തില്‍ ഒരു പോസ്റ്റ് കാണുമ്പോള്‍ ഒരു തന്തോയം..!

Satheesh said...

>>സ്ക്രൂകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം എന്ന് പ്രത്യേകം പറയണ്ടല്ലോ..
ഇത് വായിച്ചപ്പോള്‍ എനിക്കുണ്ടായ ആ നൊവോള്‍ജിയ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായി! പണ്ടൊരു സുഹൃത്തിന്റെ കല്യാണത്തിന്റെ വീഡിയോടേപ്പ് ഇളക്കിപ്പറിച്ചതിന്‍ ശേഷം എല്ലാം മൊത്തത്തില്‍ ഒരു കൂട്ടയില്‍ ഇട്ട് കൊണ്ട്പോകേണ്ട ഗതി വന്നിരുന്നു!
എനിവേ, ഇങ്ങനെ ഒരു പോസ്റ്റിട്ടതിന്‍ നന്ദി!

myexperimentsandme said...

ഞാന്‍ മനഹപ്പൂരവം ഇത് വായിച്ചില്ല. വായിച്ചാല്‍ അഴി ഉറപ്പ്, അഴിച്ചാല്‍ തൊഴിയും ഉറപ്പ്... എന്തിനാ... വെറുതെ...

നവരസവത്സമ്മാശംസകള്‍...