Wednesday, November 01, 2006

ലക്ഷ്മണ രേഖ (ഫയര്‍വാള്‍ 1)

എന്താണ് ഫയര്‍വാള്‍?
നെറ്റ്‌വര്‍ക്കിലൂടെ വരുന്ന അനധികൃത കടന്നു കയറ്റക്കാരില്‍ നിന്നും, ആക്രമണങ്ങളില്‍ നിന്നും കമ്പ്യൂട്ടറിനേയും, സ്വകാര്യ നെറ്റ്‌വര്‍ക്കിനെയും ചെറുക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഉപാധിയാണ് ഫയര്‍വാള്‍. ഇത് നിര്‍മ്മാണ രീതി അനുസരിച്ച് പ്രധാനമായും മൂന്നായി തരം തിരിക്കാം - ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ഹൈബ്രിഡ് (ആദ്യത്തെ രണ്ടിന്റേയും കൂടിയുള്ള രൂപം)


ഫയര്‍‌വാള്‍ എന്തിന്?
നമ്മുടെ കമ്പ്യൂട്ടര്‍ സ്വകാര്യ നെറ്റ്‌വര്‍ക്കിലും, അതു വഴി ഇന്റര്‍നെറ്റിലും സംവദിക്കുമ്പോള്‍ നിരന്തരമെന്നോണം പലതരം ആക്രമണങ്ങള്‍ക്കു വിധേയമാവുന്നുണ്ട്. നമ്മുടെ കമ്പ്യൂട്ടറില്‍ ഓടുന്ന പ്രോഗ്രാമുകളുടേയും, അതിലുപരി ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തന്നെയും പോരായ്മകളെയും നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള പിഴവുകളേയും മുതലെടുത്ത് നമ്മുടെ കമ്പ്യൂട്ടറിനു മേല്‍ നിയന്ത്രണം നേടിയെടുക്കാനുള്ള ശ്രമങ്ങളും പലതരം വൈറസ് ആക്രമണങ്ങളും ആണ് സാധാരണ കണ്ടുവരുന്നത്. ഒരു ഫയര്‍വാളിനെ നമുക്കു രാമായണത്തിലെ ലക്ഷ്മണരേഖയോടുപമിക്കാം. ശ്രീരാമനും ലക്ഷ്മണനും (അധികൃത ഉപയോക്താക്കള്‍ - സീതയുടെ അടുത്തു ചെല്ലുക, സീതയെ സംരക്ഷിക്കുക, സീതയുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുക എന്ന സദുദ്ദേശ്യങ്ങളോടെ ഉള്ളില്‍ കടക്കാന്‍ ശ്രമിക്കുന്നു) തടസമില്ലാതെ ഉള്ളില്‍ കടക്കാമെങ്കിലും രാവണന്‍ (അടിച്ചു മാറ്റി, സീതയുടെ മേല്‍ നിയന്ത്രണം നേടി തന്റേതാക്കണം എന്ന ദുരുദ്ദേശത്തോടെ ഉള്ളില്‍ കടക്കാന്‍ ശ്രമിക്കുന്നു) കടക്കാന്‍ ശ്രമിക്കുമ്പോള്‍ തീ ചിതറുന്ന രാമായണം സീരിയലിലെ ലക്ഷ്മണ രേഖ. ഇവിടെ നമ്മുടെ കമ്പ്യൂട്ടറിനെ സീതയോടും, നമ്മുടെ സ്വകാര്യ നെറ്റ്വര്‍ക്കിനെ ലക്ഷ്മണരേഖയ്ക്കകത്തെ സ്ഥലത്തിനോടും ഉപമിക്കാം.

പൊതുവേ ഹാര്‍ഡ്‌വെയര്‍ ഫയര്‍വാളുകളാണ് ഒരു നെറ്റ്‌വര്‍ക്കിന്റെ പ്രാധമിക രക്ഷാ കവചമായി കണ്ടു വരുന്നത്. സിസ്കോയുടെ പിക്സ് ഫയര്‍‌വാള്‍ ഇതിന് ഒരു ഉദാഹരണമാണ്. നെറ്റ്‌വര്‍ക്കിനകത്തെ കമ്പ്യൂട്ടറുകളിലാണ് നാം സോഫ്റ്റ്വെയര്‍ ഫയര്‍വാളുകള്‍ ഉപയോഗിക്കുന്നത്. മകാഫീ, നോര്‍ട്ടണ്‍ തുടങ്ങിയ മിക്ക ആന്റി വൈറസ് കമ്പനിക്കാരും സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകള്‍ വില്‍ക്കുന്നുണ്ട്. വിലക്കു വാങ്ങിയ വീണയുടെ ശബ്ദം നന്നായിരിക്കും എങ്കിലും, സൌജന്യമായി ഇന്റര്‍നെറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്യാവുന്ന പല സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകളും ഒട്ടും മോശമല്ല. ഒരു സാധാരണ വീട്ടില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ മുഴുവന്‍ സമയവും നെറ്റ്‌വര്‍ക്കില്‍ കണക്റ്റ് ചെയ്യണമെന്നില്ലല്ലോ? അതിനാല്‍ തന്നെ, വിലകൂടിയ സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകള്‍ അത്യാവശ്യമില്ല. സോണ്‍ ലാബ്സിന്റെ സോണ്‍ അലാം ഒരു മികച്ച പെഴ്സണല്‍ ഫയര്‍വാള്‍ ആയി കണക്കാക്കപ്പെടുന്നു. (താല്‍പ്പര്യമുള്ളവര്‍ക്ക് അതു സൌജന്യമായി ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം.)

ഫയര്‌വാള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഫയര്‍വാളിന്റെ പ്രവര്‍ത്തനത്തിനെ നമ്മുടെ ചായ അരിക്കാന്‍ എടുക്കുന്ന അരിപ്പയോടുപമിക്കാം. നമുക്കാവശ്യമുള്ള വിവരങ്ങള്‍ മാത്രം കമ്പ്യൂട്ടറിലേക്കും അതുപോലെ പുറത്തേക്കും പോകാന്‍ അനുവദിക്കുന്ന ഒരു അരിപ്പയാണ് ഫയര്‍വാള്‍. ഓരോ ഫയര്‍‌വാളിലും നിര്‍വചിക്കപ്പെട്ടിട്ടുള്ള ഒരു കൂട്ടം നിയമങ്ങളും, നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഉപയോഗിച്ചാണ് ഏതു തള്ളണം, ഏതു കൊള്ളണം എന്ന് തീരുമാനിക്കപ്പെടുന്നത്. മുന്നേ നിര്‍വചിക്കപ്പെടാത്ത ഒരു അവസ്ഥയില്‍ എത്തിപ്പെട്ടാല്‍ ഫയര്‍‌വാള്‍ ഉപഭോക്താവിനെ തീരുമാനിക്കാന്‍ അനുവദിക്കും. അകത്തേക്കും പുറത്തേക്കുമുള്ള വിവര പ്രവാഹങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാവല്‍ക്കാരനാണ് ഫയര്‍വാള്‍.

(വലുതായി കാണാന്‍ ചിത്രത്തില്‍ ഞെക്കുക)


പൊതുവേ വിന്‍ഡോസില്‍ ഓടുന്ന കമ്പ്യൂട്ടറുകളാണ് ഏറ്റവും കൂടുതല്‍ ആക്രമണത്തിനു വിധേയമാവുന്നത്. ലിനക്സ്, മാക് തുടങ്ങിയവ അത്രത്തോളം തന്നെ ആക്രമിക്കപ്പെടുന്നില്ല. ഇതിന് ഒരു പ്രധാന കാരണം വിന്‍ഡോസിന്റെ പ്രചാരം ആണ്. ഡയലപ്പ് വഴി ഇന്റര്‍നെറ്റിലേക്കു വരുന്ന ഉപഭോക്താക്കള്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ ഫയര്‌വാള്‍ മാത്രം മതിയാവും. പക്ഷേ, ബ്രോഡ്‌ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ഹാര്‍ഡ്‌വെയര്‍ ഫയര്‍വാള്‍ ഒരു ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. മിക്കവാറും എല്ലാ വയര്‍ലെസ്സ് റൌട്ടറുകളിലും ഇപ്പോള്‍ ഫയര്‍‌വാള്‍ അടങ്ങിയിട്ടുണ്ട്.



(തുടരും)

-ശനിയന്‍, ആദിത്യന്‍

Monday, October 02, 2006

ചിത്രങ്ങള്‍ (എച് ടി എം എല്‍ - 5)

ഒരു എച്. ടി. എം. എല്‍. പേജില്‍ എങ്ങനെ ടെക്‌സ്റ്റ് ഫോര്‍മാറ്റ് ചെയ്യാം, ഒരു പേജില്‍ നിന്ന് മറ്റൊരു പേജിലേയ്ക്ക് എങ്ങനെ ലിങ്ക് കൊടുക്കാം എന്നൊക്കെ മുന്‍ അദ്ധ്യാങ്ങളില്‍ കണ്ടു കഴിഞ്ഞു. ഒരു പേജ് ആകര്‍ഷകമാക്കുന്നതില്‍ അടുത്ത പടിയാണ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുക എന്നത്. ഒരു ചിത്രം നമ്മുടെ പേജില്‍ കാണിക്കുന്നതിന് അതിന്റെ യു.ആര്‍. എല്‍ അറിഞ്ഞിരിയ്ക്കണം. ഉദാഹരണത്തിന് ശനിയന്‍ ബ്ലോഗറില്‍ അപ്‌ലോഡ് ചെയ്ത ഒരു ചിത്രത്തിന്റെ യു. ആര്‍. എല്‍ ആണ് http://photos1.blogger.com/blogger/511/1919/1600/Picture%20032.0.jpg എന്നത്.

ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ img ടാഗ് ആണ് ഉപയോഗിക്കണ്ടത്. img ടാഗിന്റെ ഏറ്റവും സാധാരണ രൂപം ഇങ്ങനെയാണ് - <img src="URL"></img>
ഇവിടെ URL എന്ന സ്ഥാനത്ത് മുകളില്‍ പരാമര്‍ശിച്ച മുഴുവന്‍ യു. ആര്‍. എല്‍ കൊടുത്താല്‍ ചിത്രം പേജില്‍ ആ സ്ഥാനത്ത് വരും.

ഇതാ ഒരു ഉദാഹരണം - <img src="http://www.techmag.org/images/Shaniyan.jpg"></img> എന്ന്‍ കൊടുത്താല്‍ ഇങ്ങനെയായിരിക്കും പേജില്‍ കാണുക.


ഇനി img ടാഗിന് മറ്റു പല ആട്രിബ്യൂട്ടുകളും ഉപയോഗിക്കാം. അവയേതൊക്കെ എന്നു നോക്കാം

ALT: എന്തെങ്കിലും കാരണത്താല്‍ ചിത്രം കാണാതിരുന്നാല്‍ ചിത്രത്തിനു പകരം ALT എന്ന ആട്രിബ്യൂട്ടിന്റെ വില പേജില്‍ കാണിയ്ക്കും. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ ഒരു ചിത്രത്തില്‍ മൌസ് ഹോവര്‍ ചെയ്യുമ്പോള്‍ കാണിക്കുന്ന ടൂള്‍ ടിപ്പും ഇതേ ALT വില തന്നെയാണ്.
NAME: ചിത്രത്തിന് എളുപ്പത്തിനായി ഒരു പേരു കൊടുക്കണമെങ്കില്‍ ഇത് ഉപയോഗിക്കാം. അധികം ഉപയോഗിക്കാത്ത ഒരു ആട്രിബ്യൂട്ട് ആണിത്.
WIDTH: ഇത് ചിത്രത്തിന്റെ വീതി നിയന്ത്രിക്കാനായി ഉപയോഗിക്കുന്നു. പേജിന്റെ ഒരു പേര്‍സെന്റേജ് ആയോ അല്ലെങ്കില്‍ പിക്സല്‍ എണ്ണം വെച്ചോ വീതി പറയാവുന്നതാണ്. സാധാരണ വിലകള്‍ 75%, 300 തുടങ്ങിയവയാണ്.
HEIGHT: ഇത് ചിത്രത്തിന്റെ നീളം നിയന്ത്രിക്കാനായി ഉപയോഗിക്കുന്നു. പേജിന്റെ ഒരു പേര്‍സെന്റേജ് ആയോ അല്ലെങ്കില്‍ പിക്സല്‍ എണ്ണം വെച്ചോ നീളം പറയാവുന്നതാണ്.
BORDER: ചിത്രത്തിനു ചുറ്റും ഒരു ബോര്‍ഡര്‍ വേണമോ, അതിന്റെ വീതി എത്രയാവണം എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍. ഇതിന്റെ വില 0,1,2 എന്നിങ്ങനെ ആവാം.
ALIGN: ചിത്രത്തിനു ചുറ്റുമുള്ള ടെക്‌സ്റ്റ് ഏത് രീതിയില്‍ വേണം എന്നതിനുള്ള നിര്‍ദ്ദേശം. സാധാരണ വിലകള്‍ left, right തുടങ്ങിയവയാണ്.
HSPACE: ചിത്രവും ചുറ്റുമുള്ള ടെക്‌സ്റ്റും തമ്മിലുള്ള തിരശ്ചീന അകലം. 10, 50 എന്നിങ്ങനെ പിക്സല്‍ വിലകളാണിതിനു നല്‍കാറ്.
VSPACE: ചിത്രവും ചുറ്റുമുള്ള ടെക്‌സ്റ്റും തമ്മിലുള്ള ലംബ അകലം. 10, 50 എന്നിങ്ങനെ പിക്സല്‍ വിലകളാണിതിനു നല്‍കാറ്.

ഒരു ചിത്രത്തിന്റെ പല ഭാഗങ്ങള്‍ പല ലിങ്കുകളുമായി ബന്ധിക്കാന്‍ സാധിയ്ക്കും. ISMAP, USEMAP തുടങ്ങിയ ആട്രിബ്യൂട്ടുകള്‍ അതിനാണ്.
SUPPRESS എന്ന ആട്രിബ്യൂട്ട് ഈ ചിത്രം ഡൌണ്‍ലോഡ് ചെയ്തു കഴിയുന്നതു വരെ ഇതിന്റെ ഐക്കണ്‍ കാണിക്കാതിരിയ്ക്കാനായി ഉപയോഗിക്കാം.

ചില ഉദാഹരണങ്ങള്‍
ഉദാഹരണംബ്രൌസറില്‍ കാണുന്നത്
<img src="http://www.techmag.org/images/Shaniyan.jpg" > </img>
<img src="http://www.techmag.org/images/Shaniyan.jpg" alt="Tool Tip"> </img> Tool Tip
<img src="http://www.techmag.org/images/Shaniyan.jpg" alt="Poochakkutty" width="200" height="100" > </img> Poochakkutty

<img src="http://www.techmag.org/images/Shaniyan.jpg" alt="Poochakkutty" width="25%" border="2" > </img>
Poochakkutty

Thursday, September 07, 2006

ഹൈപ്പര്‍ലിങ്ക് അഥവാ ലിങ്ക് അഥവാ കണ്ണി
(എച് ടി എം എല്‍ - 4)

നമ്മള്‍ മള്‍ട്ടിമീഡിയ - 1ഇല്‍ കണ്ട ലിങ്കിടുന്ന വിദ്യയേക്കുറിച്ചാണ് ഈ അദ്ധ്യായത്തില്‍ കാണാന്‍ പോകുന്നത്. ആ അദ്ധ്യായത്തില്‍ നമ്മള്‍ ഇപ്രകാരം കണ്ടു -

കണ്ണി/link

(താഴെ നിന്നു വന്നതാണെങ്കില്‍‍ തിരികെ പോകാന്‍ ഇവിടെ ഞെക്കുക, അല്ലെങ്കില്‍ തുടര്‍ന്നു വായിക്കുക)

ഏതു വാക്കാണോ(വാക്കുകളാണോ) ലിങ്ക്‌ ആക്കേണ്ടത്‌ ആ വാക്ക്‌ ഒരു ‘ആങ്കര്‍’ ടാഗ്-നുള്ളില്‍ കൊടുത്താല്‍ മതി.
ദാ ഇങ്ങനെ.
<a href="http://www.google.com/">Text for link </a>

<a >എന്നതിനെ ഓപ്പണിങ്ങ്‌ ടാഗ് എന്നും </a>എന്നതിനെ ക്ലോസിംഗ്‌ ടാഗ്‌ എന്നും വിളിക്കാറുണ്ട്. ഓപ്പണിങ്ങ്‌ ടാഗിന്റെ ഒരു ആട്രിബ്യൂട്ട്‌ (Attribute) ആണ്‌ href.

ഇനി ഈ ലിങ്ക്‌ ചെയ്യുന്ന പേജ്‌ പുതിയ ഒരു ജാലകത്തില്‍ തുറക്കണം എന്നുണ്ടെങ്കില്‍ target="_‌‌blank" എന്ന മറ്റൊരു ആട്രിബ്യൂട്ട്‌ കൂ‍ടി ഓപ്പണിംഗ്‌ ടാഗില്‍ ചേര്‍ത്ത്താല്‍ മതി.

അപ്പൊ ദാ ഇങ്ങനെ ആവും...
<a href="http://www.google.com/" target="_blank">Text for link </a>


നമുക്ക് ഇതിനെപ്പറ്റി കുറച്ചുകൂടെ വിശദമായി പഠിക്കാം. ഇന്റര്‍‌നെറ്റില്‍ ചിതറിക്കിടക്കുന്ന പേജുകളെ അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിപ്പിടിപ്പിക്കാനാണ് നമ്മള്‍ കണ്ണി/ലിങ്ക് ഉപയോഗിക്കുന്നത്. രണ്ടു പേജുകളെ തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം എന്ന് മുകളില്‍ കണ്ടുവല്ലോ? ഇനി ഇതിന്റെ മറ്റു ചില ഉപയോഗങ്ങള്‍ കൂടെ നമുക്കു കാണാം. ഉദാഹരണത്തിന് നമ്മള്‍ എഴുതിയ വലിയ ഒരു ലേഖനത്തിന്റെ അതേ പേജിലെ മറ്റൊരു ഭാഗത്തേക്ക് ലിങ്ക് കൊടുക്കണമെന്നു കരുതുക. ഇതെങ്ങനെ ചെയ്യാം? ഇതിനാ‍യി നമുക്ക് ആങ്കര്‍ ടാഗിലെ 'name' എന്ന ആട്രിബ്യൂട്ട് ഉപയോഗിക്കാം. അതായത്, നമ്മള്‍ ഒരു പേജിന്റെ ഒരു പ്രത്യേക ഭാഗത്തിനെ ഒരു പേരിട്ടു വിളിക്കുന്നു എന്നര്‍ത്ഥം.
ഉദാഹരണത്തിന്‍, മുകളിന്‍ നമ്മള്‍ എഴുതിയ കണ്ണി/Link എന്ന തലക്കെട്ടിലേക്കു പോകാന്‍ ഇവിടെ ഞെക്കുക

ദാ തിരിച്ചെത്തിയല്ലോ?. ഇനി ഇത് എങ്ങനെ ചെയ്തു എന്നു കൂടെ നോക്കാം

മുകളില്‍ ‘കണ്ണി/link‘ എന്നെഴുതിയതിനെ ചുറ്റി <a name="jumpHere">കണ്ണി/link</a> എന്ന് ഒരു ആങ്കര്‍ ടാഗ് ഇട്ടു. അവിടേക്കു ചാടിക്കാനായി നമ്മള്‍ ലിങ്കിട്ടിരിക്കുന്നതിനെ “ കണ്ണി/Link എന്ന തലക്കെട്ടിലേക്കു പോകാന്‍ <a href="#jumpHere">ഇവിടെ ഞെക്കുക</a>“ എന്നും എഴുതി.

ഇതുപോലെ, “തിരികെ പോകാന്‍ <a href="#goBack">ഇവിടെ ഞെക്കുക</a>“ എന്നെഴുതിയതില്‍ ഞെക്കിയാല്‍ പേജില്‍ നമ്മള്‍ “<a name="goBack">ദാ തിരിച്ചെത്തിയല്ലോ?</a>“ എന്നെഴുതിയ സ്ഥലത്തേക്കെത്തും. ചാടിക്കാനായിടുന്ന ലിങ്കിലെ # ചേര്‍ത്തു പേരുവിളിക്കുന്നതു ശ്രദ്ധിക്കുക.

ഇതേ വിദ്യയുപയോഗിച്ച് മറ്റൊരു പേജിലെ ആങ്കറിലേക്കും പോകാന്‍ സാധിയ്ക്കും. ബ്ലോഗറിലെ കമന്റിലേക്ക് നേരിട്ടുള്ള ലിങ്ക് ഇടുന്നത് ഈ വിദ്യ ഉപയോഗിച്ചാണ്.
<a href="http://natgeodigital.blogspot.com/2006/08/blog-post_31.html#c115705220387446591">ഈ കമന്റ്</a>
എന്ന് ലിങ്ക് കൊടുത്താല്‍ അത് ഈ കമന്റ് നേരിട്ട് തുറക്കും.
(കമന്റുകളുടെ ലിങ്ക് കിട്ടാന്‍ ബ്ലോഗറില്‍ അതാതു പോസ്റ്റിലെ കമന്റുകളുടെ അടുത്തുള്ള ടൈം സ്റ്റാമ്പിന്റേ ലിങ്കും വേഡ് പ്രെസ്സിലാണെങ്കില്‍ പെര്‍മാലിങ്കെന്നു കൊടുത്തിരിക്കുന്ന ലിങ്കും ഉപയോഗിക്കാം)

ഈമെയില്‍ ലിങ്ക്
ഇനി നമുക്ക് ഒരു ലിങ്കുണ്ടാക്കി അതില്‍ യൂ ആര്‍ എല്ലിനു പകരം ഈമെയിലയക്കാനുള്ള സൌകര്യം ചെയ്യുന്നതെങ്ങനെ എന്നു കാണാം. ശ്രദ്ധിക്കുക: ഈമെയില്‍ അയക്കണമെങ്കില്‍ കമ്പ്യൂട്ടറില്‍ ഒരു ഈമെയില്‍ ക്ലൈന്റ് (ഉദാഹരണത്തിന്‍ മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് അല്ലെങ്കില്‍ തണ്ടര്‍ ബേഡ്) സെറ്റപ്പ് ചെയ്തിരിക്കണം.

ഒരു ഈമെയിലിലേക്കു ലിങ്ക് കൊടുക്കാന്‍ <a href="mailto:<വേണ്ട മെയില്‍ അഡ്രസ്>"> പേജില്‍ കാണിക്കേണ്ടത് ഇവിടെ എഴുതാം</a>


ഉദാഹരണത്തിന്‍, <a href="mailto:learn@techmag.org">ഇവിടെ ഞെക്കൂ</a> എന്നെഴുതിയാല്‍, ഇവിടെ ഞെക്കൂ എന്നു പേജില്‍ കാണാം. ഈ ലിങ്കില്‍ ഞെക്കി നോക്കൂ, അതു നിങ്ങളുടെ മെയില്‍ ക്ലൈന്റിലൂടെ ഒരു പുതിയ മെയില്‍ തുറന്ന്, 'To' ഫീല്‍ഡില്‍ learn@techmag.org എന്ന് ചേര്‍ത്തിരിക്കുന്നതു കാണാം.

ഇനി അല്‍പ്പം കൂടി കൂടിയ പരിപാടി നോക്കാം. ഇതേ ഈമെയില്‍ വേറെ ഒരാള്‍ക്കു കൂടി കോപ്പി ചെയ്യണം (CC) അല്ലെങ്കില്‍ ബ്ലൈന്‍ഡ് കാര്‍ബണ്‍ കോപ്പി (BCC) ചെയ്യണം എന്നു കരുതുക. എങ്ങനെ ചെയ്യാം എന്ന് താഴെ കൊടുത്തിരിക്കുന്നു:
1. <a href="mailto:learn@techmag.org?cc=testing@techmag.org">ഇവിടെ ഞെക്കൂ</a> (പരീക്ഷിക്കാന്‍ ഇവിടെ ഞെക്കൂ)

2. <a href="mailto:learn@techmag.org?bcc=testing@techmag.org">ഇവിടെ ഞെക്കൂ</a> (പരീക്ഷിക്കാന്‍ ഇവിടെ ഞെക്കൂ)

ഇതില്‍ നമ്മള്‍ ഒരു ചോദ്യചിഹ്നം ഇട്ട് അതിന്റെ പിന്നില്‍ ഒരു പരാമീറ്റര്‍ ആയി ഒരു പേര്‍-വില ജോഡിയെ (Name -Value pair) നല്‍കുകയാണ് ചെയ്തത്. ഒരു യൂ ആര്‍ എല്‍ ഇല്‍ ചോദ്യ ചിഹ്നത്തിന്റെ ശേഷം വരുന്നതിനെ ‘ക്വെറി സ്ട്രിങ്ങ്‘ എന്ന് വിളിക്കുന്നു. മിക്കവാറും സൈറ്റുകളില്‍ അഡ്രസ് ബാറില്‍ ശ്രദ്ധിച്ചാല്‍ നമുക്കിവന്റെ കളികള്‍ കാണാം. തത്സമയം പേജുണ്ടാക്കി കാണിക്കുന്ന പേജുകളില്‍ ആവശ്യമനുസരിച്ചു വിലകള്‍ നല്‍കാനാണ് ഈ സൂത്രം ഉപയോഗിച്കു പോരുന്നത്. ഇനി നമുക്ക് ഒന്നിലേറെ പേര്‍-വില ജോഡികളെ നല്‍കണമെങ്കില്‍ അവയെ ‘&‘ ഉപയോഗിച്ചു വേര്‍ തിരിക്കാവുന്നതാണ്. ഉദാഹരണത്തിന്, http://www.buy.com/findMProduct.jsp?prod=TV&minVal=1000&maxVal=1500
എന്നു കണ്ടാല്‍ findMyProduct.jsp എന്ന പേജിലേക്ക് നമ്മള്‍ അതു കഴിഞ്ഞുള്ള വിലകള്‍ കൊടുത്ത്, ആ പേജില്‍ നമുക്കാവശ്യമുള്ള സാധനങ്ങള്‍ മാത്രം കാണിക്കാന്‍ പറയുകയാണ് എന്നു മനസിലാക്കാം. ആ പേജില്‍ അതു ചെയ്യാ‍നുള്ള സൂത്രം എഴുതിയിട്ടുണ്ടാവണം എന്നു മാത്രം. ശ്രദ്ധിക്കുക: ? കഴിഞ്ഞു നമുക്ക് ഏത് വേണമെങ്കിലും & ഇല്ലാതെ നേരെ എഴുതാം. അതിനു ശേഷമുള്ളതിനു മാത്രമേ & ഇട്ടു വേര്‍തിരിക്കേണ്ടൂ.

ഇതുപയോഗിച്ച്, നമുക്ക് എങ്ങനെ ഈ ഈമെയില്‍ ലിങ്കിനെക്കൊണ്ട് കുറച്ചു കൂടി പണി എടുപ്പിക്കാം എന്നു നോക്കാം
<a href="mailto:learn@techmag.org?cc=testing@techmag.org&bcc=test@techmag.org"> ഇവിടെ ഞെക്കൂ </a> (പരീക്ഷിക്കാന്‍ ഇവിടെ ഞെക്കൂ)

ഇനി അടുത്ത പടിയായി നമുക്ക് ഒരു വിഷയവും കൂടി അതില്‍ ചേര്‍ക്കണമെന്നു കരുതുക. അതിന് subject എന്ന പേര്‍ ചേര്‍ത്ത് വില കൊടുത്താല്‍ മതി. നമ്മള്‍ cc, bcc എന്നിവ ഉപയോഗിച്ചതു പോലെ തന്നെ, ‘subject=വിഷയം‘ എന്ന് ഒരു ‘&‘ ഇട്ടു ചേര്‍ത്തു നോക്കൂ. ക്വെറി സ്ട്രിങ്ങില്‍ ശൂന്യസ്ഥലം അല്ലെങ്കില്‍ സ്പേസ് ഇടുന്നത് ഒരു നല്ല പ്രവണതയല്ല. അതിനു പകരമായിട്ട് വേണമെങ്കില്‍ ‘%20‘ എന്ന പ്രത്യേക സൂത്രം ഉപയോഗിക്കാം. അതായത് subject="My%20Experiments" എന്ന് എഴുതണം എന്നര്‍ത്ഥം.
ഉദാഹരണത്തിന് ഇവിടെ ഞെക്കുക

ഇനി വിഷയം കൂടാതെ നമ്മുടെ കത്തിന്റെ ഉള്ളടക്കം കൂടി ചേര്‍ക്കാന്‍ body=വേണ്ട ഉള്ളടക്കം എന്നു & ഇട്ട് ചേര്‍ത്താല്‍ മതിയാകും (ഉദാഹരണം: ഇവിടെ ഞെക്കുക)



(തുടരും)

-ശനിയന്‍, ആദിത്യന്‍

Wednesday, August 30, 2006

ശബ്ദം, മനോഹരം (മള്‍ട്ടിമീഡിയ - 3)

മള്‍ട്ടിമീഡിയയുടെ കഴിഞ്ഞ രണ്ടു ഭാഗങ്ങളില്‍ എങ്ങനെ ശബ്ദം രേഖപ്പെടുത്തി അതിനെ പാകപ്പെടുത്തിയെടുക്കാം എന്നും അതെങ്ങനെ നമ്മുടെ പേജില്‍ ഉള്‍ക്കൊള്ളിക്കാം എന്നും കണ്ടു. ഈ അദ്ധ്യായത്തില്‍, ശബ്ദം രേഖപ്പെടുത്തുമ്പോഴും അതിനെ പാകപ്പെടുത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പറയാനുദ്ദേശിക്കുന്നത്.

റെക്കോഡ് ചെയ്തു കഴിഞ്ഞാല്‍ നമുക്കു കിട്ടുന്ന തരംഗ രൂപത്തിനെ (വേവ് ഫോം) നല്ലവണ്ണം ഒന്നു നോക്കിക്കാണുക. ഉദാഹരണത്തിന്


ഇനി റെക്കോഡ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അവ എങ്ങനെ ഒഴിവാക്കാം എന്നതും നോക്കാം

1. ‘വേവ് ടോപ്പ് ക്ലിപ്പിങ്ങ്’ (തരംഗത്തിന്റെ തല മുറിഞ്ഞു പോകുക)


ഇതില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ മിക്ക തരംഗങ്ങളുടെയും തല പരിധിക്കു പുറത്തു പോയി മുറിഞ്ഞു പോയിരിക്കുന്നതായി കാണാം. ശബ്ദം രേഖപ്പെടുത്തുമ്പോള്‍ നമ്മള്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിനെ മൈക്കിനു താങ്ങാന്‍ കഴിയാതെ വരുമ്പോഴാണ് ഈ പ്രശ്നം ഏറ്റവും സാധാരണയായി കണ്ടൂ വരുന്നത്. തീര്‍ത്തും ഒഴിവാക്കേണ്ട ഒരു പ്രശ്നമാണിത്. കാരണം, ഇങ്ങനെ സംഭവിക്കുമ്പോള്‍ മൈക്കിനു താങ്ങാന്‍ പറ്റാതെ പോയ ഭാഗങ്ങളിലെ ശബ്ദവീചികള്‍ നഷ്ടമാകും. ഇത് അവിടെ ശ്രവണസുഖം നഷ്ടപ്പെടാന്‍ കാരണമാകും. ഇതൊഴിവാക്കാന്‍ മൈക്കിനെ ആവശ്യമായ അകലത്തില്‍ പിടിച്ചാല്‍ മതിയാവും. നല്ല മൈക്ക് ഉപയ്യോഗിക്കുന്നവര്‍ ഇതു സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
(വായിക്കാന്‍ ക്ഷമയും സമയവും ഉള്ളവര്‍ ഈ കേസ് സ്റ്റഡി കൂടി വായിക്കുക)

2. ‘ഫ്ലാബി റെക്കോഡിങ്ങ്’ (ശക്തി കുറഞ്ഞ ശബ്ദരേഖ)


മൈക്കിന് പിടിച്ചെടുക്കാന്‍ ആവശ്യത്തിനു ശക്തിയിലുള്ള ശബ്ദ വീചികള്‍ കിട്ടാതെ വരുമ്പോഴാണ് പൊതുവേ ഈ പ്രശ്നം കണ്ടു വരുന്നത്. മൈക്കിനെ കുറച്ചുക്കൂടി അടുത്തു പിടിച്ചോ അല്ലെങ്കില്‍ കുറച്ചുക്കൂടെ ഉറക്കെ പാടിയോ ഈ പ്രശ്നം ഇല്ലാതാക്കാം. ഇതു രണ്ടു കൊണ്ടും മാറുന്നില്ലെങ്കില്‍ നല്ല മൈക്ക് വാങ്ങാന്‍/റെക്കോഡിങ്ങ് ഹാര്‍ഡ്‌വെയര്‍ വാങ്ങാന്‍ സമയമായി എന്നു മനസിലാക്കാം.

ഇത് ഒരു പരിധി വരെ പാകപ്പെടുത്തലില്‍ മറയ്ക്കാന്‍ പറ്റും. അതിസൂക്ഷ്മമായ തരംഗവ്യതിയാനങ്ങള്‍ ഈ റെക്കോഡിങ്ങില്‍ പതിഞ്ഞിട്ടുണ്ടാവില്ല എന്ന കുറവുണ്ടാകുമെങ്കിലും ശ്രവണസുഖം അധികം നഷ്ടപ്പെടില്ല. ഇതിനെ മറയ്ക്കാനായി ‘ആമ്പ്ലിഫൈ‘ എന്ന എഫക്റ്റ് ഉപയോഗിക്കാം. ആമ്പ്ലിഫൈ ചെയ്യുമ്പോള്‍ ഏറ്റവും ഉയരത്തിലുള്ള തരംഗത്തിന്റെ തലഭാഗം ഒരു 80-90% ഉയരത്തില്‍ വരാന്‍ പാകത്തില്‍ ചെയ്യുന്നതു നന്നായിരിക്കും. ഒരു സാമാന്യധാരണ കിട്ടാന്‍ ആദ്യത്തെ ചിത്രം നോക്കുക.


നമ്മള്‍ രേഖപ്പെടുത്തിയ ശബ്ദം, നമ്മുടെ കേള്‍വിക്കാര്‍ക്ക് സുഖമുള്ള ഒരു അനുഭവമാകണമെങ്കില്‍, അതിന് ആവശ്യത്തിനു ശക്തിയും അതിലെ സൂക്ഷ്മ വ്യതിയാനങ്ങളും വളരെ ആവശ്യമാണ്. അതിനാല്‍ മേല്‍പ്പറഞ്ഞ രണ്ടും ശബ്ദം രേഖപ്പേടുത്തുമ്പോള്‍ തന്നെ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. മിനുക്കു പണി നന്നാവണമെങ്കില്‍ ചിത്രം നന്നായിരിക്കണം എന്നപോലെ പാകപ്പെടുത്തുമ്പോള്‍ നന്നായിരിക്കാന്‍ അത് രേഖപ്പെടുത്തുമ്പോഴേ നന്നായിരുന്നാല്‍ നന്ന്.

-ശനിയന്‍, ആദിത്യന്‍

Saturday, July 29, 2006

എച്ച്. ടി. എം. എല്‍ : ടെക്‌സ്റ്റ് -2
(എച് റ്റി എം എല്‍ -3)

ടെക്‌സ്റ്റ് സംബന്ധമായ ചില നുറുങ്ങു വിദ്യകള്‍ ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നു.

1. <EM>ടെക്‌സ്റ്റ് പ്രാധാന്യമുള്ളതാക്കി(emphasize) കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഒട്ടു മിക്ക ടാഗുകളെയും പോലെ ഈ ടാഗിനും രണ്ട് ഭാഗം ഉണ്ട്. <EM> എന്ന ടാഗിന്റെ ആരംഭവും പിന്നെ </EM> എന്ന അവസാനവും. പ്രാധാന്യമുള്ളതാക്കേണ്ട ടെക്‌സ്റ്റ് ഈ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.
ഉദാഹരണംബ്രൌസറില്‍ കാണുന്നത്
<EM>ജോസഫ് </EM> അലക്‌സ്ജോസഫ് അലക്‌സ്


2. <STRONG>ടെക്‌സ്റ്റ് ഒന്ന് ബലം കൊടുത്ത്(?)(strong) കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഒട്ടു മിക്ക ടാഗുകളെയും പോലെ ഈ ടാഗിനും രണ്ട് ഭാഗം ഉണ്ട്. <STRONG> എന്ന ടാഗിന്റെ ആരംഭവും പിന്നെ </STRONG> എന്ന അവസാനവും. ബലം കൊടുക്കണ്ട ടെക്‌സ്റ്റ് ഈ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.
ഉദാഹരണം ബ്രൌസറില്‍ കാണുന്നത്
<STRONG>ജോസഫ് </STRONG> അലക്‌സ്ജോസഫ് അലക്‌സ്


3. <CODE>ടെക്‌സ്റ്റ് കമ്പ്യൂട്ടര്‍ ഭാഷയിലെതു പോലെ കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഒട്ടു മിക്ക ടാഗുകളെയും പോലെ ഈ ടാഗിനും രണ്ട് ഭാഗം ഉണ്ട്. <CODE> എന്ന ടാഗിന്റെ ആരംഭവും പിന്നെ </CODE> എന്ന അവസാനവും. കമ്പ്യൂട്ടര്‍ കോഡായി കൊടുക്കണ്ട ടെക്‌സ്റ്റ് ഈ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.
ഉദാഹരണം ബ്രൌസറില്‍ കാണുന്നത്
<CODE>code inside</CODE> and outside code insideand outside


ഇതു വരെ പറഞ്ഞാ ടാഗുകള്‍ പല ബ്രൌസറുകളും പല രീതിയിലാവും കാണിയ്ക്കുന്നത് എന്ന് ഓര്‍ത്തിരിയ്ക്കുക.

ഇതു പോലെയുള്ള മറ്റു ചില ടാഗുകള്‍ താഴെ കൊടുത്തിരിയ്ക്കുന്നു.
ഉദാഹരണംബ്രൌസറില്‍ കാണുന്നത്
ആ ഇ ഉആ ഇ ഉ
<BIG>ജോസഫ് </BIG> അലക്‌സ്ജോസഫ് അലക്‌സ്
<CITE>ജോസഫ് </CITE> അലക്‌സ്ജോസഫ് അലക്‌സ്
<DEL>ജോസഫ് </DEL> അലക്‌സ്ജോസഫ് അലക്‌സ്
<INS>ജോസഫ് </INS> അലക്‌സ്ജോസഫ്
അലക്‌സ്
<KBD>ജോസഫ് </KBD> അലക്‌സ് ജോസഫ് അലക്‌സ്
<Q>ജോസഫ് </Q> അലക്‌സ് ജോസഫ് അലക്‌സ്
<S>ജോസഫ് </S> അലക്‌സ് ജോസഫ് അലക്‌സ്
<SAMP>ജോസഫ് </SAMP> അലക്‌സ് ജോസഫ് അലക്‌സ്
<SMALL>ജോസഫ് </SMALL> അലക്‌സ്ജോസഫ് അലക്‌സ്
<STRIKE>ജോസഫ് </STRIKE> അലക്‌സ്ജോസഫ് അലക്‌സ്
<SUB>ജോസഫ് </SUB> അലക്‌സ്ജോസഫ് അലക്‌സ്
<SUP>ജോസഫ് </SUP> അലക്‌സ്ജോസഫ് അലക്‌സ്
<TT>ജോസഫ് </TT> അലക്‌സ്ജോസഫ് അലക്‌സ്
<VAR>ജോസഫ് </VAR>അലക്‌സ്ജോസഫ് അലക്‌സ്


4. അസാധാരണ ചിഹ്നങ്ങള്‍
< എന്നത് ഒരു ടാഗ് തുടങ്ങാനും > എന്നത് ടാഗ് അവസാനിപ്പിയ്ക്കാനും ഉള്ള ചിഹ്നങ്ങള്‍ ആണല്ലോ. അതു കൊണ്ട് അവ അതേ പടി നമ്മുടെ പേജില്‍ കൊടുക്കാന്‍ പറ്റില്ല. ഇനി അവ കൊടുക്കണം എന്ന് നിര്‍ബന്ധമാണെങ്കില്‍
ഇങ്ങനെ കൊടുക്കാം &lt;. ഒരു ശൂന്യസ്ഥലം വിടണമെങ്കില്‍ &nbsp; എന്നു കൊടുക്കാം. കോപ്പിറൈറ്റ് ചിഹ്നം തുടങ്ങി വേറെയും ചില ചിഹ്നങ്ങള്‍ ഉണ്ട്. ഇങ്ങനെ ഉപയോഗിയ്ക്കാവുന്ന ചിഹ്നങ്ങള്‍ താഴെ കൊടുത്തിരിയ്ക്കുന്നു.
ഉദാഹരണംബ്രൌസറില്‍ കാണുന്നത്
ആ&nbsp;&nbsp;&nbsp;&nbsp;ഇ&nbsp;&nbsp;ഉആ    ഇ  ഉ
&lt;<
&gt;>
&iquest;¿
&laquo;«
&raquo;»
&&
&cent;¢
&#169;(c)
&copy; (c)
&reg; ®
&trade;
&divide;÷
&para;
&plusmn; ±
&pound; £
&reg; (r)
&sect; §
&yen; ¥
&Aacute; Á
&AElig; Æ
&Eacute; É
&Igrave; Ì
&uarr;
&darr;
&larr;
&rarr;
&harr;
&loz;
&dagger;
&Dagger;
&sect;§
&middot;·
&bull;
&sum;
&prod;
&int;
&micro;µ


-ശനിയന്‍, ആദിത്യന്‍

Monday, July 17, 2006

ശബ്‌ദം രേഖപ്പെടുത്തലും പൊടിക്കൈകളും
(മള്‍ട്ടിമീഡിയ - 2)

കഴിഞ്ഞ അദ്ധ്യായത്തില്‍ എങ്ങനെ ആട്ടവും പാട്ടും പേജില്‍ ഉള്‍പ്പെടുത്താം എന്ന്

കണ്ടല്ലോ? ഈ അദ്ധ്യായത്തില്‍ ശബ്ദം രേഖപ്പെടുത്തലും അതിനു ശേഷം നടത്താവുന്ന ചെറിയ സൂത്രപ്പണികളും ആണ് പ്രതിപാദ്യം. ഒരുപാട് പേര്‍ കവിത ചൊല്ലുവാനും കേള്‍ക്കുവാനും താല്‍പ്പര്യമെടുക്കുന്നതിനാലാണ് ഇത് വിഷയമാക്കുന്നത്.

ഒരു മൈക്ക് കുത്താനുള്ള വകുപ്പുള്ള കമ്പ്യൂട്ടറും, മൈക്കും, റെക്കോഡ് ചെയ്ത് പ്രോസസ് ചെയ്യാനും ഉള്ള സോഫ്റ്റ്വെയറും ഉണ്ടെങ്കില്‍ ആര്‍ക്കും ഈ പരിപാടി ചെയ്യാം.റെക്കോഡ്‌ ചെയ്യാനും അതിനെ പ്രോസസ്‌ ചെയ്യാനും, ഫ്രീ ടൂള്‍ ആയ ഒഡാസിറ്റി ആണ്‌ ഉപയോഗിക്കാന്‍ പോകുന്നത്‌. ഒഡാസിറ്റിയുടെ പ്രധാന സ്ക്രീന്‍ ഇവിടെ കാണിച്ചിരിക്കുന്നു: (വലുതാക്കി നോക്കുക)



ആദ്യ പടി, ശബ്ദം രേഖപ്പെടുത്തലാണ്‌. മൈക്ക്‌ ശരിയായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം, റെക്കോഡ്‌ ബട്ടബ്‌ ഞെക്കി റെക്കോഡ്‌ ചെയ്യാന്‍ ആരംഭിക്കുക. റെക്കോഡ്‌ ചെയ്യാന്‍ പറ്റാവുന്നേടത്തോളം നിശ്ശബ്ദമായ ഒരു സ്ഥലം തിരിഞ്ഞെടുത്താല്‍ നന്നായിരിക്കും. റെക്കോഡ്‌ ചെയ്തു കഴിയുമ്പോള്‍ സ്റ്റോപ്പ്‌ ബട്ടന്‍ ഞെക്കിയാല്‍, മുകളില്‍ കാണുന്ന പോലെ റെക്കോഡ്‌ ചെയ്യപ്പെട്ടതിന്റെ തരംഗ രൂപം കാണാം. ഇത്‌ സേവ്‌ ചെയ്തു വെക്കുക. പറ്റുമെങ്കില്‍ ഒരു കോപ്പി എടുത്തു വെക്കുക.

ഉദാഹരണത്തിന്‌ ഇതൊന്നു കേട്ടു നോക്കു:

powered by ODEO

റെക്കോഡ്‌ ചെയ്തപ്പോള്‍ ഉണ്ടായ അപശബ്ദങ്ങളും (തട്ടല്‍ മുട്ടലുകള്‍, വളരെ ചെറിയ മൂളലും മറ്റും) വളരെ ശ്രദ്ധിച്ച്‌ നമ്മുടെ തരംഗ രൂപത്തില്‍ എവിടെ വരുന്നു എന്ന് നോക്കുക. ശ്രദ്ധിക്കുക, അപശബ്ദങ്ങള്‍ റെക്കോഡ്‌ ചെയ്യപ്പെടേണ്ട ശബ്ദത്തിന്റെ കൂടെ ആണ്‌ പതിഞ്ഞിരിക്കുന്നതെങ്കില്‍ അതിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ബുദ്ധിമുട്ടാണ്‌. മൂളലിനെ പിന്നെയും നമുക്ക്‌ ഇല്ലാതാക്കാന്‍ പറ്റും.

അടുത്തതായി, നമുക്ക്‌ ഇതില്‍ അല്‍പ്പം മിനുക്കു പണികള്‍ നടത്താം. ആദ്യം തന്നെ, നമ്മുടെ റെക്കോഡിങ്ങ്‌ കേട്ട്‌ നോക്കുക. അതില്‍ നമ്മള്‍ക്ക്‌ വേണ്ടാത്തത്‌ എന്ത്‌, എവിടെ എന്നൊക്കെ കണ്ടെത്തലാണ്‌ ഇതുകൊണ്ടുള്ള ഉദ്ദേശ്യം.

അപസ്വര നിര്‍മാര്‍ജ്ജനം (നോയ്‌സ്‌ റിമൂവല്‍): നമ്മുടെ റെക്കോഡിങ്ങില്‍ അനാവശ്യമായി കടന്നു കൂടിയിരിക്കുന്ന എന്തും അപസ്വരം എന്ന വിഭാഗത്തില്‍ കൂട്ടാം. അങ്ങനെ ഉള്ളത്‌ രണ്ടു തരം ആണ്‌ പ്രധാനമായിട്ടുള്ളത്‌

1. പിന്നണിയില്‍ സ്ഥിരമായി നില നില്‍ക്കുന്ന അപശബ്ദങ്ങള്‍
സ്റ്റാറ്റിക്ക്‌ നോയ്‌സ്‌ എന്നറിയപ്പെടുന്ന ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കാനുള്ള സൂത്രങ്ങള്‍ മിക്ക സോഫ്റ്റ്‌വെയറുകളിലും ലഭ്യമാണ്‌.

ഇതിനായി നമുക്ക്‌ ഒഡാസിറ്റിയിലെ നോയ്‌സ്‌ റിമൂവല്‍ ടൂള്‍ ഉപയോഗിക്കാം. ആദ്യമായി ചെയ്യേണ്ടകാര്യം ഒരു നോയ്‌സ്‌ പ്രൊഫെയില്‍ ഉണ്ടാക്കാന്‍ ഒഡാസിറ്റിയെ സഹായിക്കലാണ്‌. നോയ്‌സ്‌ പ്രൊഫെയില്‍ എന്നാല്‍ നിശ്ശബ്ദമായ അവസ്ഥയില്‍ അന്തരീക്ഷത്തില്‍ നിലവിലുള്ള അപശബ്ദത്തിന്റെ അളവാണ്‌. അത്‌ തിട്ടപ്പെടുത്തി വെക്കുന്ന പ്രക്രിയയാണ്‌ നമ്മള്‍ ചെയ്യേണ്ടത്‌. ഇത്‌ നമ്മളെ ആ അപശബ്ദങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും .

a) ആദ്യം റെക്കോഡ്‌ ചെയ്തതില്‍, നമ്മള്‍ നിശ്ശബ്ദമായിരിക്കുന്ന ഒരു ഭാഗത്തു നിന്ന് നിന്ന് ഒരു വളരെ ചെറിയ ഭാഗം (ഏതാനും സെക്കന്‍ഡുകള്‍ മതിയാവും) സെലക്റ്റ്‌ ചെയ്യുക (മൌസ്‌ കൊണ്ട്‌ തുടക്കത്തില്‍ ക്ലിക്ക്‌ ചെയ്ത്‌ പിടിച്ചു കൊണ്ട്‌ വേണ്ട ഭാഗം വരെ വലിച്ചാല്‍ മതിയാവും).
b) മെനുവില്‍ എഫക്റ്റ്‌ -> നോയ്സ്‌ റിമൂവല്‍ സെലക്റ്റ്‌ ചെയ്യുക. വന്ന ഡയലോഗ്‌ ബോക്സില്‍ ഗെറ്റ്‌ നോയ്സ്‌ പ്രൊഫെയില്‍ എന്ന ബട്ടന്‍ ഞെക്കുക.
c) മുഴുവന്‍ റെക്കോഡിങ്ങും സെലക്റ്റ്‌ ചെയ്യുക
d) വീണ്ടും മെനുവില്‍ എഫക്റ്റ്‌ -> നോയ്സ്‌ റിമൂവല്‍ സെലക്റ്റ്‌ ചെയ്യുക. എന്നിട്ട്‌ പ്രിവ്യൂ എന്ന ബട്ടന്‍ ഞെക്കി കേട്ടു നോക്കുക. ആവശ്യാനുസരണം നടുക്കുള്ള സ്ലൈഡറിനെ ഇടത്തോട്ടോ വലത്തോട്ടോ നീക്കി, ഏറ്റവും നല്ലത്‌ എന്നു തോന്നുന്ന സ്ഥലത്തു വെച്ച്‌ റിമൂവ്‌ നോയ്സ്‌ എന്ന ബട്ടണ്‍ ഞെക്കുക. റെക്കോഡിങ്ങിന്റെ വലിപ്പം അനുസരിച്ചും കമ്പ്യൂട്ടറിന്റെ കഴിവും അനുസരിച്ചു ഇത്‌ ചെയ്തു തീരാനുള്ള സമയം മാറാം.

ശ്രദ്ധിക്കുക: എത്ര ശ്രമിച്ചിട്ടും നോയ്സ്‌ പോകുന്നില്ല അല്ലെങ്കില്‍ ശബ്ദം റോബോട്ടിനേപ്പോലിരിക്കുന്നെങ്കില്‍, നോയ്സ്‌ പ്രൊഫൈലിങ്ങ്‌ ശരിയായില്ല എന്ന് മനസ്സിലാക്കാം. അങ്ങനെയെങ്കില്‍, മറ്റൊരു സ്ഥലത്തു നിന്നും അല്ലെങ്കില്‍ മറ്റൊരു വലിപ്പത്തിലുള്ള സാമ്പിള്‍ എടുത്ത്‌ ഈ പറഞ്ഞ സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കുക.
ഇപ്പോള്‍

2. അനാവശ്യമായ മറ്റു ശബ്ദങ്ങള്‍ (ഉദാഹരണത്തിന്‌ മൈക്കില്‍ കയ്‌ തട്ടിയത്‌, ശ്വാസം വലിച്ചത്‌)
കൂട്ടത്തില്‍ ഇല്ലാതാക്കാന്‍ ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യത ഉള്ള ഇനമാണിത്‌. നമുക്ക്‌ വേണ്ട ശബ്ദങ്ങളോട്‌ ഇഴപിരിഞ്ഞു കിടക്കുന്നില്ലെങ്കില്‍, നമുക്കിതിനെ എളുപ്പത്തില്‍ മായ്ച്ച്‌ കളയാം. ഇഴപിരിഞ്ഞു കിടക്കാത്ത അപശബ്ദങ്ങളെ തരംഗ രൂപത്തില്‍ നിന്നു സെലക്റ്റ്‌ ചെയ്ത്‌ ഡിലീറ്റ്‌ ചെയ്താല്‍ മതിയാവും.

ഉദാഹരണത്തിന്‌, മേളില്‍ കാണുന്ന ഫയലിന്റെ ഒന്നു വൃത്തിയാക്കിയാക്കിയ രൂപം ഇവിടെ കേള്‍ക്കാം

powered by ODEO
അനാവശ്യമായിരുന്ന തട്ടും മുട്ടും ശ്വാസമെടുക്കുന്ന ശബ്ദവും ഒക്കെ ഇല്ലാതായി കുറച്ചുകൂടി നല്ല രൂപത്തിലായതു ശ്രദ്ധിക്കുമല്ലോ?

എക്കോ/പ്രതിധ്വനി:
ഇനി അല്‍പ്പം എക്കോ കൊടുത്താലോ?
എക്കോ അല്ലെങ്കില്‍ പ്രതിധ്വനി ശബ്ദത്തിന്‌ ഒരു തുടര്‍ച്ച നല്‍കി ശ്രവണസുഖം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിനായി എക്കോ കൊടുക്കേണ്ട സ്ഥലം സെലക്റ്റ്‌ ചെയ്ത്‌ മെനുവില്‍ നിന്ന് എഫക്റ്റ്‌സ്‌ -> എക്കോ സെലക്റ്റ്‌ ചെയ്യുക. അവിടെ നമ്മള്‍ രണ്ട്‌ കാര്യങ്ങള്‍ കൊടുക്കേണ്ടതുണ്ട്‌
1. ഡിലേ - ഒരു ശബ്ദം എത്ര നേരത്തേക്ക്‌ പ്രതിധ്വനിക്കണം എന്ന്
2. ഡീക്കേ - ഒരു ശബ്ദത്തിന്റെ പ്രതിധ്വനി എത്ര പെട്ടെന്ന് ഇല്ലാതാവണം എന്ന്

വളരെ ചെറിയ ഒരു വില കൊടുത്ത്‌ തുടങ്ങാം.. താഴെ കൊടുത്തിരിക്കുന്ന ഫയലില്‍ ഞാന്‍ ഡിലേ 0.15 ഉം ഡീക്കേ 0.21 ഉം ആണു കൊടുത്തിരിക്കുന്നത്‌. ഒരു വില കൊടുത്ത്‌ പ്രിവ്യൂ അടിച്ചു നോക്കുക. അവനവനു കേള്‍ക്കാന്‍ ഏറ്റവും സുഖം തോന്നുന്ന ഒരു വിലയില്‍ പരീക്ഷണം അവസാനിപ്പിച്ച്‌ ഓക്കെ അടിക്കുക.

ഇതാ:


powered by ODEO

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. എപ്പോള്‍ അബദ്ധം പറ്റിയാലും അണ്‍ഡൂ ഉപയോഗിക്കുക.
2. കേട്ടിഷ്ടമായാല്‍ ബാക്ക്‌ അപ്പ്‌ എടുക്കുക
3. ഒരിക്കല്‍ ശരിയായില്ലെങ്കില്‍ ദേഷ്യപ്പെടാതെ വീണ്ടും ശ്രമിക്കുക
4. ഒരു റെക്കോഡിങ്ങിനു ചേര്‍ന്ന വില എല്ലാത്തിനും ഇടാതിരിക്കുക. ഓരോ റെക്കോഡിങ്ങിനും അതിന്റേതായ വിലകള്‍ കണ്ടെത്തുക.

-ശനിയന്‍, ആദിത്യന്‍

Sunday, July 16, 2006

മള്‍ട്ടി മീഡിയ

മറ്റു പേജുകളിലേയ്ക്ക് ലിങ്ക് കൊടുക്കുക, അല്ലെങ്കില്‍ ഒരു ഓഡിയോ/വീഡിയോ ഫയല്‍ പേജില്‍ കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെ ചെയ്യാം എന്ന് നോക്കാം. ഈ കാര്യങ്ങള്‍ക്കൊക്കെ ആവശ്യമായത് ഒരു URL (യൂണിഫോം റിസോഴ്സ് ലൊക്കേറ്റര്‍) ആണ്. മറ്റു പേജുകളിലേയ്ക്ക് ലിങ്ക് കൊടുക്കുമ്പോള്‍ ആ പേജിന്റെ URL ഉപയോഗിയ്ക്കാം. ഒരു ഓഡിയോ/വീഡിയോ ഫയല്‍ പോസ്റ്റില്‍ കൊടുക്കുമ്പോള്‍ ആ ഫയല്‍ ഏതെങ്കിലും സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്ത് അങ്ങനെ കിട്ടുന്ന URL ആണ് ഉപയോഗിയ്ക്കേണ്ടത്. ബ്ലോഗറില്‍ വലിയ ഫയലുകള്‍ അപ്പ്‌ലോഡ് ചെയ്യാന്‍ എളുപ്പമല്ല. അതു കൊണ്ട് ഫയല്‍ അപ്പ്‌ലോഡ് അനുവദിയ്ക്കുന്ന മറ്റു സൈറ്റുകളില്‍ (ഉദാ: ഗൂഗിള്‍ പേജസ് ) അപ്പ്‌ലോഡ് ചെയ്യുക. ഇങ്ങനെ അപ്പ്‌ലോഡ് ചെയ്തു കഴിഞ്ഞാല്‍ ആ ഫയലിലേയ്ക്കിള്ള URL കിട്ടും. അതു ഏകദേശം ഇങ്ങനെ ആയിരിയ്ക്കും -> http://www.site.com/mode/audiofile.mp3

ഈ URL കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതെങ്ങനെ എന്നു നോക്കാം.

1. പാട്ട്/Audio


താഴെ കാണുന്ന HTML കോഡ് അതേ പടി കോപ്പി ചെയ്ത് പോസ്റ്റ് കമ്പോസ് ചെയ്തു കൊണ്ടിരിയ്ക്കുന്ന Edit Html എന്ന ജാലകത്തില്‍ പെയ്‌സ്റ്റ് ചെയ്യുക.

<embed
src="http://www.site.com/mode/audiofile.mp3"
type="application/octet-stream"
autostart="false"
width="360"
height="50"
align="absMiddle"
>
</embed>

ഇനി src="http://www.site.com/mode/audiofile.mp3" എന്ന ഭാഗം മാറ്റി നിങ്ങളുടെ mp3 ഫയലിലേയ്ക്കുള്ള URL കൊടുക്കുക. ഇത്രയും ചെയ്താല്‍ മാത്രം മതി. ഇനി പ്രിവ്യൂ നോക്കി എല്ലാം ഭംഗിയായി എന്നുറപ്പു വരുത്തിയിട്ട് പബ്ലിഷ് ചെയ്യാം.

2. ആട്ടം/Video


ഇതും പാട്ട് ചെയ്യുന്നതു പോലെ തന്നെയാണ്.
താഴെ കാണുന്ന HTML കോഡ് അതേ പടി കോപ്പി ചെയ്ത് പോസ്റ്റ് കമ്പോസ് ചെയ്തു കൊണ്ടിരിയ്ക്കുന്ന Edit Html എന്ന ജാലകത്തില്‍ പെയ്‌സ്റ്റ് ചെയ്യുക.

<embed
src="http://www.site.com/mode/videofile.mpeg"
type="application/x-mplayer2"
pluginspage="http://www.microsoft.com/Windows/MediaPlayer/"
autostart="false"
width="360"
height="323"
showstatusbar="1"
enablecontextmenu="false"
transparentstart="1"
loop="0"
controller="true"
>
</embed>

ഇനി src="http://www.site.com/mode/videofile.mpeg" എന്ന ഭാഗം മാറ്റി നിങ്ങളുടെ video ഫയലിലേയ്ക്കുള്ള URL കൊടുക്കുക. ഇത്രയും ചെയ്താല്‍ മാത്രം മതി. ഇനി പ്രിവ്യൂ നോക്കി എല്ലാം ഭംഗിയായി എന്നുറപ്പു വരുത്തിയിട്ട് പബ്ലിഷ് ചെയ്യാം.

embed ടാഗിന്റെ ആട്രിബ്യൂട്ട്‌സ്‌ ആണു ഓരോ ലൈനിലും കൊടുത്തിരിക്കുന്നത്. ഇതില്‍ src ആട്രിബ്യൂട്ട് മാത്രം ഉപയോഗിച്ചാലും Internet Explorer ന്റെ പുതിയ വേര്‍ഷനുകള്‍ക്കു ധാരാളം. type, autostart, width, height, alignment തുടങ്ങിയ ആട്രിബ്യൂട്ട്‌സ്‌ ആവശ്യമെങ്കില്‍ ഉപയോഗിക്കാം...

height, width തുടങ്ങിയവയ്ക്ക് പല വിലകള്‍ നല്‍കി പരീക്ഷിച്ച് നിങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ പോസ്റ്റില്‍ കാണിയ്ക്കാം. autostart="false" എന്നതിനു പകരം autostart="true" എന്നു കൊടുത്താല്‍ പേജ് ലോഡ് ചെയ്തു വരുമ്പോള്‍ തന്നെ ഓഡിയോ/വീഡിയോ പ്ലേ ചെയ്തു തുടങ്ങും.

3. കണ്ണി/link


ഏതു വാക്കാണോ(വാക്കുകളാണോ) ലിങ്ക്‌ ആക്കേണ്ടത്‌ ആ വാക്ക്‌ ഒരു ‘ആങ്കര്‍’ ടാഗ്-നുള്ളില്‍ കൊടുത്താല്‍ മതി.
ദാ ഇങ്ങനെ.
<a href="http://www.google.com/">Text for link </a>

<a >എന്നതിനെ ഓപ്പണിങ്ങ്‌ ടാഗ് എന്നും </a>എന്നതിനെ ക്ലോസിംഗ്‌ ടാഗ്‌ എന്നും വിളിക്കാറുണ്ട്. ഓപ്പണിങ്ങ്‌ ടാഗിന്റെ ഒരു ആട്രിബ്യൂട്ട്‌ (Attribute) ആണ്‌ href.

ഇനി ഈ ലിങ്ക്‌ ചെയ്യുന്ന പേജ്‌ പുതിയ ഒരു ജാലകത്തില്‍ തുറക്കണം എന്നുണ്ടെങ്കില്‍ target="blank" എന്ന മറ്റൊരു ആട്രിബ്യൂട്ട്‌ കൂ‍ടി ഓപ്പണിംഗ്‌ ടാഗില്‍ ചേര്‍ത്ത്താല്‍ മതി.

അപ്പൊ ദാ ഇങ്ങനെ ആവും...
<a href="http://www.google.com/" target="blank">Text for link </a>

4. പാട്ട്/Audio ബ്ലോഗ് ചെയ്യുന്ന വിധം അധവാ പോഡ്‌കാസ്റ്റിംഗ്


ഓഡിയോ ഹോസ്റ്റിങ്ങ് അനുവദിയ്ക്കുന്ന ഏതെങ്കിലും സൈറ്റ് വഴി ചെയ്യാന്‍ എളുപ്പമാണ്. അതിലൊന്നില്‍ എങ്ങനെ ചെയ്യാം എന്നു നോക്കാം.
http://odeo.com/ പോലെയുള്ള സൈറ്റില്‍ പോകുക.
സൈന്‍-അപ്പ്(രെജിസ്റ്റര്‍) ചെയ്യുക.
ലോഗിന്‍ ചെയ്യുക.
Start your own podcast with the Odeo Studio! എന്ന ഒരു ലിങ്കോ RECORD എന്ന ലിങ്കോ കണ്ടുപിടിച്ച് ക്ലിക്ക് ചെയ്യുക.
അടുത്ത പേജിലെ രണ്ട് ലിങ്കുകളാണ് Upload Audio from Your Computer എന്നതും Record New Audio എന്നതും. ആവശ്യമുള്ളതു തിരഞ്ഞെടുക്കാം. അവസാനം എല്ലാം അപ്പ്‌ലോഡ്/റെക്കോര്‍ഡ് ചെയ്തു സേവ് ചെയ്തു കഴിഞ്ഞാല്‍ Put this Audio on your Web site എന്ന ഒരു ഹെഡിംഗ് ഉണ്ട്. അതിനു താഴെ ഉള്ള ടെക്‌സ്റ്റ് ബോക്സില്‍ കാണുന്ന കാര്യങ്ങള്‍ മുഴുവന്‍ കോപ്പി ചെയ്ത് നമ്മുടെ ബ്ലോഗ് പേജില്‍ കൊണ്ടു പോയി പെയ്‌സ്റ്റ് ചെയ്താല്‍ മതി.
യഥാര്‍ത്ഥത്തില്‍ ഈ കിട്ടുന്ന കോഡും ഒരു embed ടാഗ് തന്നെയാണ്. അവര്‍ ആ കോഡ് കിട്ടുന്ന രീതി ഒന്നു ലളിതവത്കരിച്ചെന്നു മാത്രം.

ഓഡിയോ ബ്ലോഗിങ്ങ്/ പോഡ്‌കാസ്റ്റിംഗിനുള്ള മറ്റു ചില സൈറ്റുകള്‍
ഓഡിയോബ്ലോഗര്‍.കോം
ഓഡിയോബ്ലോഗ്.കോം
പോഡോമാറ്റിക്.കോം
ഫ്രീ റെക്കോഡിങ്ങ് ടൂള്‍:
http://audacity.sourceforge.net/

-ശനിയന്‍, ആദിത്യന്‍

Monday, July 10, 2006

എച്ച്. ടി. എം. എല്‍ : ടെക്‌സ്റ്റ്
(എച് റ്റി എം എല്‍ -2)

ടെക്‌സ്റ്റ് (എഴുത്ത്) ഫോര്‍മാറ്റ് ചെയ്യുന്ന ടാഗുകളെപ്പറ്റിയാവട്ടെ ആദ്യം.

1. <B>
ടെക്‌സ്റ്റ് ബോള്‍ഡ്(കടുപ്പത്തില്‍) ആയി കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഒട്ടു മിക്ക ടാഗുകളെയും പോലെ ഈ ടാഗിനും രണ്ട് ഭാഗം ഉണ്ട്. <B> എന്ന ടാഗിന്റെ ആരംഭവും പിന്നെ </B> എന്ന അവസാനവും. കടുപ്പത്തില്‍ ആക്കേണ്ട ടെക്‌സ്റ്റ് ഈ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.



ഉദാഹരണംബ്രൌസറില്‍ കാണുന്നത്
<B>ജോസഫ് </B> അലക്‌സ്ജോസഫ് അലക്‌സ്


2. <I>
ടെക്‌സ്റ്റ് ഇറ്റാലിക്‌സ്(ചെരിഞ്ഞ്?) ആയി കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഇറ്റാലിക്സില്‍ ആക്കേണ്ട ടെക്‌സ്റ്റ് ഈ ടാഗിന്റെ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.



ഉദാഹരണംബ്രൌസറില്‍ കാണുന്നത്
ജോസഫ് <I>അലക്‌സ്</I>ജോസഫ് അലക്‌സ്


3. <U>
ടെക്‌സ്റ്റിന് അടിവര (അണ്ടര്‍ ലൈന്‍) ഇടാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. അടിവരയിടേണ്ട ടെക്‌സ്റ്റ് ഈ ടാഗിന്റെ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.



ഉദാഹരണംബ്രൌസറില്‍ കാണുന്നത്
എം എന്‍ <U>കാര്‍ത്തികേയന്‍</U>എം എന്‍ കാര്‍ത്തികേയന്‍


4. തലക്കെട്ടുകള്‍ (ഹെഡിങ്ങ്സ്)
പാരഗ്രാഫുകളുടെയും സെക്ഷനുകളുടെയും പലവലിപ്പത്തിലുള്ള തലക്കെട്ടുകള്‍ കാണിക്കാന്‍ എച്ച്. ടി. എം. എല്‍-ല്‍ അഞ്ചു തരം തലക്കെട്ടു ടാഗുകള്‍ ഉണ്ട് - <H1> മുതല്‍ <H5> വരെ. <H1> ആണ് ഏറ്റവും വലുത്, <H5> ഏറ്റവും ചെറുതും.







ഉദാഹരണംബ്രൌസറില്‍ കാണുന്നത്
<H1>വീര ഭദ്രന്‍</H1>

വീര ഭദ്രന്‍

<H2>വീര ഭദ്രന്‍</H2>

വീര ഭദ്രന്‍

<H3>സ്വാമിനാഥന്‍</H3>

സ്വാമിനാഥന്‍

<H4>രാ‍മ ഭദ്രന്‍</H4>

രാ‍മ ഭദ്രന്‍

<H5>രാ‍മ ഭദ്രന്‍</H5>
രാ‍മ ഭദ്രന്‍


5. ഖണ്ഡിക (പാരഗ്രാഫ്) <P>
എഴുത്ത് ഖണ്ഡിക തിരിയ്ക്കാന്‍ ഈ ടാഗ് ഉപയോഗിയ്ക്കാം. ഓരോ ഖണ്ഡികയുടെയും ആദ്യവും അവസാനവും ഈ ടാഗിന്റെ ആദ്യ, അവസാന ഭാഗങ്ങള്‍ ഉപയോഗിച്ചാല്‍ മതി.



ഉദാഹരണംബ്രൌസറില്‍ കാണുന്നത്
<P>ഒന്നാമത്തെ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P><P>ഇതു രണ്ടാമത്തെ പാരഗ്രാഫ്.രണ്ടാമത്തെ പാരഗ്രാഫ് പുതിയ ഒരു വരിയില്‍ തുടങ്ങിയതു ശ്രദ്ധിയ്ക്കുക.</P>

ഒന്നാമത്തെ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം...

ഇതു രണ്ടാമത്തെ പാരഗ്രാഫ്.രണ്ടാമത്തെ പാരഗ്രാഫ് പുതിയ ഒരു വരിയില്‍ തുടങ്ങിയതു ശ്രദ്ധിയ്ക്കുക.



<P> ടാഗിന് ഒരു ആട്രിബ്യൂട്ട് ആയി align എന്നത് ഉപയോഗിയ്ക്കാം... പാരഗ്രാഫിന്റെ അലൈന്‍മെന്റ് ശരിയാക്കാന്‍ ആണ് ഈ ആട്രിബ്യൂട്ട് ഉപയോഗിയ്ക്കുന്നത്.align ന്റെ വിലകള്‍ left, right, center, justify എന്നിവയില്‍ ഏതെങ്കിലുമാവാം.









ഉദാഹരണംബ്രൌസറില്‍ കാണുന്നത്
<P align=“left“ > അലൈന്‍മെന്റ് ഇടതു വശത്തേയ്ക്കായ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P>

അലൈന്‍മെന്റ് ഇടതു വശത്തേയ്ക്കായ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം...

<P align=“right“ > അലൈന്‍മെന്റ് വലതു വശത്തേയ്ക്കായ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P>

അലൈന്‍മെന്റ് വലതു വശത്തേയ്ക്കായ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം...

<P align=“center“ > അലൈന്‍മെന്റ് നടുവിലുള്ള പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P>

അലൈന്‍മെന്റ് നടുവിലുള്ള പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം...

<P align=“justify“ > അലൈന്‍മെന്റ് ജസ്റ്റിഫൈ ചെയ്തിരിയ്ക്കുന്ന പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P>

അലൈന്‍മെന്റ് ജസ്റ്റിഫൈ ചെയ്തിരിയ്ക്കുന്ന പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം...



6. സ്പാന്‍ - <SPAN>
പാരഗ്രാഫ് ആയി തിരിയ്ക്കാതെ തന്നെ ഒരു ഭാഗം ടെക്‌സ്റ്റ് ഫോര്‍മാറ്റ് ചെയ്യാനാണ് സ്പാന്‍ ഉപയോഗിയ്കുന്നത്. സ്പാനും പാരഗ്രാഫ് ടാഗും ഏകദേശം ഒരുപോലെയാണ് ഉപയോഗിയ്ക്കുന്നത്. സ്പാന്‍ പുതിയ വരിയില്‍ തുടങ്ങുന്നില്ല എന്ന് ഓര്‍ത്തിരിയ്ക്കുക.



ഉദാഹരണംബ്രൌസറില്‍ കാണുന്നത്
<SPAN>ഒന്നാമത്തെ സ്പാനിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </SPAN><SPAN>ഇതു രണ്ടാമത്തെ സ്പാന്‍.രണ്ടാമത്തെ സ്പാന്‍ പുതിയ ഒരു വരിയില്‍ തുടങ്ങാത്തതു ശ്രദ്ധിയ്ക്കുക.</SPAN>ഒന്നാമത്തെ സ്പാനിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... ഇതു രണ്ടാമത്തെ സ്പാന്‍.രണ്ടാമത്തെ സ്പാന്‍ പുതിയ ഒരു വരിയില്‍ തുടങ്ങാത്തതു ശ്രദ്ധിയ്ക്കുക.


7. തിരശ്ചീന വര - <HR>
തിരശ്ചീനമായ ഒരു വര വരയ്ക്കാനാണ് ഈ ടാഗ് ഉപയോഗിയ്ക്കുന്നത്. ക്ലോസിംഗ് ടാഗ് ആവശ്യമില്ലാത്ത ഒരു ടാഗാണിത്.



ഉദാഹരണംബ്രൌസറില്‍ കാണുന്നത്
അടിയൊഴുക്കുകള്‍<HR> മൂന്നാം മുറഅടിയൊഴുക്കുകള്‍

മൂന്നാം മുറ


8. ബ്രെയ്‌ക്ക് - <BR>
എഴുത്ത് അടുത്ത വരിയില്‍ തുടങ്ങാന്‍ ഈ ടാഗ് ഉപയോഗിയ്ക്കാം. ഇതിനും ക്ലോസിംഗ് ടാഗ് ആവശ്യമില്ല. ഒന്നിലധികം <BR> അടുത്തടുത്ത് ഉപയോഗിച്ച് വരികള്‍ തമ്മിലുള്ള അകലം ക്രമീകരിയ്ക്കാവുന്നതാണ്‍.



ഉദാഹരണംബ്രൌസറില്‍ കാണുന്നത്
സാഗര്‍ <BR> ഏലിയാസ് <BR><BR>ജാക്കിസാഗര്‍
ഏലിയാസ്

ജാക്കി


9. പ്രീ-ഫോര്‍മാറ്റിംഗ് -<PRE>
എച്.ടി.എം.എല്‍ പേജിലെ ശൂന്യമായ സ്ഥലങ്ങള്‍ ബ്രൌസറില്‍ കാണിക്കാറില്ല. രണ്ടു വാക്കുകള്‍ക്കിടയില്‍ ഒന്നിലധികം ശൂന്യസ്ഥലം ഉണ്ടെങ്കില്‍ ഒരു ശൂന്യസ്ഥലം മാത്രമെ ബ്രൌസറില്‍ കാണിക്കുകയുള്ളു. അതേ പോലെ <BR> എന്ന് ഉപയോഗിയ്ക്കാതെ പുതിയ ഒരു വരിയില്‍ എഴുത്ത് തുടങ്ങിയാല്‍ ബ്രൌസറില്‍ കാണിക്കുമ്പോള്‍ ആ ഭാഗം ഒരു പുതിയ വരിയില്‍ തുടങ്ങണം എന്നില്ല. അതു വരെയുള്ള എഴുത്തിന്റെ തുടര്‍ച്ചയായി മാത്രമേ വരൂ. ഇനി അധവാ ഇതു പോലെ ശൂന്യസ്ഥലങ്ങളും പുതിയ വരികളും ഒക്കെ ടൈപ്പ് ചെയ്യുന്നതു പോലെ തന്നെ ബ്രൌസറില്‍ കാണണമെങ്കില്‍ <PRE> എന്ന പ്രീഫോര്‍മാറ്റിംഗ് ടാഗ് ഉപയോഗിയ്ക്കണം. <PRE>-യുടെ ആദ്യ അവസാന ടാഗുകള്‍ക്കിടയിലുള്ള ഭാഗം അതേ പോലെ തന്നെ ബ്രൌസറില്‍ കാണിയ്ക്കും.





ഉദാഹരണംബ്രൌസറില്‍ കാണുന്നത്
പ്രീ ഇല്ലാതെ സ്തലം
വിട്ട് അടുത്ത വരിയില്‍ എഴുതിയാല്‍
പ്രീ ഇല്ലാതെ സ്തലം വിട്ട്
അടുത്ത വരിയില്‍ എഴുതിയാല്‍
<PRE>ഒന്നു മുതല്‍
ഒമ്പതു വരെ</PRE>
ഒന്നു        മുതല്‍
ഒമ്പതു വരെ



ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് ഒരു പേജ് മുഴുവനായി ഉണ്ടാക്കി നോക്കാം. ഒരു നോട്ട്പാഡ് ജാലകം തുറക്കുക. താഴ കൊടുത്തിരിയ്ക്കുന്ന ഭാഗം ഇവിടുന്ന് പകര്‍ത്തി അതിലെയ്ക്ക് പതിയ്ക്കുക.

<HTML>
<HEAD>
<TITLE>wELCOME tO mY wORLD</TITLE>
</HEAD>

<BODY>
<h1>Malayalam Cinema</h1>
Contributions of Mammukkoya and Pappu to Malayalam film industry can not be forgotten easily.
<P>
<B>Mr. Kuthiravattam Pappu</B> explaining the way he maneuvered a bus down the so called <I>Thaamarassery Churam</I> will surely remain etched in the movie going public's mind for a long time to come.
</P>
<HR>
<I>Gafoorkka</I>, the visa agent who propels a number of innocent victims to the Gulf Emirates in <I>Urus</I> is a character
portrayed by the great actor <B>Kozhikkodan Mammukkoya </B>.
</BODY>
</HTML>

ഇനി ആ പേജ് എന്തെങ്കിലും പേരില്‍ സേവ് ചെയ്യണം. ശ്രദ്ധിയ്കേണ്ട കാര്യം ഫയലായി സേവ് ചെയ്യുമ്പോള്‍ അതിന്റെ എക്‌സ്‌റ്റെന്‍ഷന്‍ .html എന്നോ .htm എന്നോ എന്നായിരിയ്ക്കണം. വേണമെങ്കില്‍ പേജ് malayalam.html എന്ന് പേരില്‍ സേവ് ചെയ്യാം.

അടുത്ത പടിയായി വേണ്ടത്, ഒരു ബ്രൌസര്‍ ജാലകം തുറക്കുക എന്നതാണ്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തന്നെ ആയിക്കോട്ടെ. ഫയര്‍ഫോക്‌സോ നെറ്റ്സ്കെയ്പ്പോ എന്തായാലും മതി. ബ്രൌസര്‍-ഇല്‍ നിന്നും നമ്മള്‍ നേരത്തെ ഉണ്ടാക്കിയ malayalam.html എന്ന ഫയല്‍ തുറക്കുക എന്നതാണ് ആടുത്ത പടി.പേജ് തുറക്കാനായി ഫയല്‍ -> ഓപ്പണ്‍ എന്ന ഡയലോഗ് ബോക്‌സ് ഉപയോഗിയ്ക്കാം. ഫയല്‍ ബ്രൌസറില്‍ തുറക്കൂ, ഇതാ നിങ്ങളുടെ എച്. ടി. എം. എല്‍ പെജ് റെഡി.

ഇനി <BODY>-ക്കും </BODY>-ക്കും ഇടയ്ക്കുള്ള ഭാഗം ആവശ്യാനുസരണം മാറ്റി പല പേജുകളും സൃഷ്‌ടിയ്ക്കാം. കൂടുതല്‍ എഴുത്തും ടാഗുകളും ചേര്‍ക്കാം.

- ആദിത്യന്‍,ശനിയന്‍
(തുടരും..)

Sunday, July 09, 2006

വരൂ, എച്. ടി. എം. എലിനെ പരിചയപ്പെടാം..

ബൂലോകരേ,

വെബ്‌ പേജുകള്‍ എഴുതാന്‍ ഉപയോഗിക്കുന്ന മാര്‍ക്ക്‌-അപ്പ്‌ ഭാഷയായ എച്‌ ടി എം എല്‍-നെ പരിചയപ്പെടുത്താനുള്ള ഒരു ചെറിയ ശ്രമമാണിത്‌.. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയുന്ന ആര്‍ക്കും, അധികം ബുദ്ധിമുട്ടില്ലാതെ തന്നെ എച്‌ ടി എം എല്‍ പേജുകള്‍ നിര്‍മ്മിക്കാം എന്നതാണ്‌ ഈ ഭാഷയുടെ പ്രത്യേകത. ശരിക്കു പറഞ്ഞാ,ല്‍ ഇതൊരു ഭാഷയെന്നതിനേക്കാള്‍ "ഇത്‌ എങ്ങനെ കാണിക്കണം" എന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ്‌.

ആദ്യമായി, ഇതൊക്കെ ചെയ്തു നോക്കാന്‍ നമുക്ക്‌ കമ്പ്യൂട്ടറില്‍ എന്തൊക്കെ വേണം എന്ന്‌ നോക്കാം.

1. ഒരു ടെക്സ്റ്റ്‌ എഡിറ്റര്‍

(വിന്‍ഡോസ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ നോട്ട്‌പാഡും ലിനക്സ്‌/യുണിക്സ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ vi എഡിറ്ററും, മാക്ക്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ Plain Text Editor-ഉം മതിയാവും. ഇനി അതില്‍ കൂടുതല്‍ വേണം എന്നുള്ളവര്‍ - പ്രത്യേകിച്ച്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ വിദ്യാര്‍ഥികള്‍- നല്ല ഒരു എച്‌ ടി എം എല്‍ എഡിറ്ററേ ഡൌണ്‍ലോഡ്‌ ചെയ്യുക. http://www.chami.com- ന്റെ ഫ്രീ എഡിറ്റര്‍ ആയ HTMLKit ആണ്‌ ഞാന്‍ സാധാരണ ഉപയോഗിക്കാറ്‌. നമ്മള്‍ക്ക്‌ എച്‌ ടി എം എല്‍ പേജ്‌ അടിച്ചുണ്ടാക്കാനാണ്‌ എഡിറ്റര്‍)

2. ഒരു ബ്രൌസര്‍

(ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍/ ഫയര്‍ഫോക്സ്‌/കോണ്‍ക്വറര്‍.
നമ്മള്‍ എഡിറ്ററില്‍ അടിച്ചുണ്ടാക്കിയ പേജ്‌ കാണാനാണ്‌ ബ്രൌസര്‍. നാം ടാഗുകള്‍ വഴി കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ബ്രൌസര്‍ പേജ്‌ ഫോര്‍മാറ്റ്‌ ചെയ്ത്‌ കാണിക്കുന്നു.)

എന്താണ്‌ എച്‌ ടി എം എല്‍
ഇന്റര്‍നെറ്റിലെ ഒരു പേജിലെ വിവരങ്ങളെ എങ്ങനെ കാണിക്കണം എന്നത്‌ ബ്രൌസറിനു പറഞ്ഞു കൊടുക്കാനുള്ള ഭാഷയാണ്‌ എച്‌ ടി എം എല്‍. ടെക്സ്റ്റും ലിങ്കുകളും അടങ്ങിയ ഒരു പേജിനകത്ത്‌ ഓരോ ഭാഗങ്ങളും പ്രത്യേക തരത്തിലുള്ള ഒരു 'ടാഗ്‌' ഉപയോഗിച്ച്‌ അടയാളപ്പെടുത്തിയാണ്‌ നമ്മള്‍ ബ്രൌസറിനു മനസ്സിലാവുന്ന ഭാഷയില്‍ ആ പേജിനെ രൂപപ്പെടുത്തുന്നത്‌. ഒരു ടാഗ്‌ എന്നാല്‍ < > ബ്രാക്കറ്റുകള്‍ക്കിടെ നിശ്ചിത വാക്കു ചേര്‍ത്തതാണ്‌. ഉദാഹരണത്തിന്‌, നമുക്ക്‌ ആ പേജിന്റെ തലവാചകം (തെറ്റിദ്ധരിക്കരുത്‌, ബ്രൌസറിന്റെ മേലെ കാണിക്കുന്നതാണ്‌, പേജില്‍ കാണുന്നതല്ലേ!) <TITLE> എന്ന ടാഗ്‌ ഉപയോഗിച്ച്‌ അടയാളപ്പെടുത്താം. ഈ പറഞ്ഞതിനെ നമ്മള്‍ ഓപ്പണിങ്ങ്‌ ടാഗ്‌ എന്നു വിളിക്കും. തുറന്നാല്‍ അടക്കണം എന്ന നിയമം ഇവിടേയും ബാധകമാണ്‌. </TITLE> എന്ന ടാഗ്‌ ഉപയോഗിച്ച്‌ നമ്മള്‍ക്ക്‌ തലവാചകമാക്കേണ്ട വാചകത്തിനെ പൊതിഞ്ഞാല്‍, ബ്രൌസറിനു മനസ്സിലാവും, ഇതാണ്‌ നമ്മുടെ തലവാചകമെന്ന്‌. അതായത്‌, നമ്മുടെ പേജില്‍

<TITLE>This is the title for the Browser</TITLE>

എന്നെഴുതിയാല്‍, അതു നമ്മുടെ ടൈറ്റില്‍/തലവാചകം ആയി.

ടാഗുകള്‍ പലവിധമുണ്ട്. ഉദാഹരണത്തിന് <B> എന്ന ടാഗ് എഴുത്തിന്റെ(ടെക്‌സ്റ്റിന്റെ) കടുപ്പം(ബോള്‍ഡ്‌നെസ്സ്) കൂട്ടാനും <I> എന്ന ടാഗ് എഴുത്ത് ഇറ്റാലിക്സില്‍ ആക്കാനും ആണ് ഉപയോഗിയ്ക്കുന്നത്. <IMG> എന്ന ടാഗ് പേജില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും <TABLE> എന്ന ടാഗ് ഒരു പട്ടിക ഉള്‍പ്പെടുത്താനും ഉപയോഗിക്കാം.

ഇങ്ങനെ, ടാഗുകള്‍ ഉപയോഗിച്ച്‌ വ്യക്തമായി രൂപപ്പെടുത്തിയ പേജുകള്‍ ആണ്‌ നമ്മള്‍ കാണുന്ന വെബ്‌ പേജുകള്‍ എല്ലാം. ഏതൊരു മാധ്യമത്തേയും പോലെ, എച്‌ ടി എം എല്‍ പേജുകള്‍ നിര്‍മ്മിക്കുന്നതിനും ഒരു വ്യക്തമായ രൂപരേഖ നിര്‍വചിച്ചിട്ടുണ്ട്‌. കൃത്യമായി തുറന്നടച്ചിട്ടുള്ള ഒരു പറ്റം ടാഗുകളാണ്‌ പേജിനെ രൂപപ്പെടുത്തുന്നത്‌. ടാഗുകള്‍ തുറന്നടക്കുമ്പോള്‍, ഒരു ടാഗിനകത്ത്‌ വേറെ ഒരു ടാഗിനെ തുറക്കുകയാണെങ്കില്‍, അവസാനം തുറന്ന ടാഗ്‌ ആദ്യം അടക്കണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഉദാഹരണത്തിന്‌,
<TAG1>
<TAG2>
....<TAGn>
text here
</TAGn>....
</TAG2>
</TAG1>
(<TAG> എന്ന ഒരു ടാഗ്‌ നിലവിലില്ല. ഇതൊരു ഉദാഹരണം മാത്രം)

മിക്കവാറും ടാഗുകള്‍ക്കും ആട്രിബ്യൂട്ട് എന്ന അംഗങ്ങള്‍ കാണും. ടാഗിന്റെ സ്വഭാവ വിശേഷങ്ങള്‍ നിയന്ത്രിയ്ക്കുന്നത് ആട്രിബ്യൂട്ടുകളാണ്. <SPAN ALIGN=“LEFT“ > എന്ന ടാഗില്‍ ALIGN എന്നത് SPAN ടാഗിന്റെ ഒരു ആട്രിബ്യൂട്ട് ആണ്. ALIGN എന്ന ആട്രിബ്യൂട്ടിന്റെ വില(വാല്യു) ആണ് LEFT. ഈ ആട്രിബ്യൂട്ടിന്റെ വില അനുസരിച്ച് ടാഗിന്റെ സ്വഭാവം മാറുന്നു.

മിക്കവാറും എച്‌ ടീ എം എല്‍ പേജുകള്‍ക്കും ഒരു <HEAD> ഭാഗവും, ഒരു <BODY> ഭാഗവും കാണും. പേജ് കാണുമ്പോള്‍ <BODY> ടാഗിനുള്ളിലുള്ള ഭാഗമാണ് ബ്രൌസറില്‍ കാണിക്കുക എന്ന് ഒരു പൊതു തത്വമായി പറയാം. സാധാരണ <HEAD> ടാഗിനുള്ളിലുള്ള ഭാഗം പേജിനെ സംബന്ധിയ്ക്കുന്ന പൊതുവായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സ്ഥലമാണ്. ബ്രൌസറുകള്‍ പേജ് കാണിയ്ക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗിയ്ക്കുന്നു.

ഇനി നമുക്കൊരു എച്‌ ടി എം എല്‍ പേജിന്റെ സാമാന്യ രൂപം കാണാം.
<HTML>
<HEAD>
<TITLE> This is the browser's title</TITLE>
</HEAD>
<BODY>
All my page Content goes in here
</BODY>
</HTML>

ഇവിടെ കാണുന്ന പോലെ, എല്ലാ എച്‌ ടി എം എല്‍ പേജുകളും HTML എന്ന ഒരു ടാഗിനകത്താക്കിയ ഒരു കൂട്ടം ടാഗുകളാന്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ള, ഒരു വ്യക്തമായ രൂപരേഖയുള്ള, .htm അല്ലെങ്കില്‍ .html എന്ന എക്സ്റ്റന്‍ഷനൊടു കൂടിയ ഒരു ടെക്സ്റ്റ്‌ ഫയലാണ്‌.


-ശനിയന്‍, ആദിത്യന്‍
(തുടരും..)

Sunday, February 26, 2006

വിഷയം || Subject:

വിവര സാങ്കേതികവിദ്യയുടെ അടിസ്ഥാനപരമായ ആശയങ്ങള്‍ ഒരു സാധാരണ മനുഷ്യനു മനസ്സിലാവുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണിത്‌. കുറച്ചുനാള്‍ അദ്ധ്യാപകനായതിന്റെ അസുഖം വിടാത്തതാണ്‌ ഇത്‌ തുടങ്ങാനുള്ള പ്രചോദനം. വിവരസാങ്കേതിക വിദ്യയുടെ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ എന്നാല്‍ കഴിയുന്ന സഹായം. അതിന്റെ ഗുരുക്കന്മാര്‍ എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതരുമെന്നു കരുതുന്നു.
എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ക്കു സ്വാഗതം : മെയില്‍ അയക്കൂ - learn@jyothis.net


This is an attempt to explain the fundamentals of computing in a layman's language, Inspired by the time I spent as a lecturer. I'm trying to help the newbies to the field, and I hope that the great philosophers of the subject will guide my way.

Those who are willing to join hands, please mail to learn@jyothis.net