Wednesday, August 30, 2006

ശബ്ദം, മനോഹരം (മള്‍ട്ടിമീഡിയ - 3)

മള്‍ട്ടിമീഡിയയുടെ കഴിഞ്ഞ രണ്ടു ഭാഗങ്ങളില്‍ എങ്ങനെ ശബ്ദം രേഖപ്പെടുത്തി അതിനെ പാകപ്പെടുത്തിയെടുക്കാം എന്നും അതെങ്ങനെ നമ്മുടെ പേജില്‍ ഉള്‍ക്കൊള്ളിക്കാം എന്നും കണ്ടു. ഈ അദ്ധ്യായത്തില്‍, ശബ്ദം രേഖപ്പെടുത്തുമ്പോഴും അതിനെ പാകപ്പെടുത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പറയാനുദ്ദേശിക്കുന്നത്.

റെക്കോഡ് ചെയ്തു കഴിഞ്ഞാല്‍ നമുക്കു കിട്ടുന്ന തരംഗ രൂപത്തിനെ (വേവ് ഫോം) നല്ലവണ്ണം ഒന്നു നോക്കിക്കാണുക. ഉദാഹരണത്തിന്


ഇനി റെക്കോഡ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അവ എങ്ങനെ ഒഴിവാക്കാം എന്നതും നോക്കാം

1. ‘വേവ് ടോപ്പ് ക്ലിപ്പിങ്ങ്’ (തരംഗത്തിന്റെ തല മുറിഞ്ഞു പോകുക)


ഇതില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ മിക്ക തരംഗങ്ങളുടെയും തല പരിധിക്കു പുറത്തു പോയി മുറിഞ്ഞു പോയിരിക്കുന്നതായി കാണാം. ശബ്ദം രേഖപ്പെടുത്തുമ്പോള്‍ നമ്മള്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിനെ മൈക്കിനു താങ്ങാന്‍ കഴിയാതെ വരുമ്പോഴാണ് ഈ പ്രശ്നം ഏറ്റവും സാധാരണയായി കണ്ടൂ വരുന്നത്. തീര്‍ത്തും ഒഴിവാക്കേണ്ട ഒരു പ്രശ്നമാണിത്. കാരണം, ഇങ്ങനെ സംഭവിക്കുമ്പോള്‍ മൈക്കിനു താങ്ങാന്‍ പറ്റാതെ പോയ ഭാഗങ്ങളിലെ ശബ്ദവീചികള്‍ നഷ്ടമാകും. ഇത് അവിടെ ശ്രവണസുഖം നഷ്ടപ്പെടാന്‍ കാരണമാകും. ഇതൊഴിവാക്കാന്‍ മൈക്കിനെ ആവശ്യമായ അകലത്തില്‍ പിടിച്ചാല്‍ മതിയാവും. നല്ല മൈക്ക് ഉപയ്യോഗിക്കുന്നവര്‍ ഇതു സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
(വായിക്കാന്‍ ക്ഷമയും സമയവും ഉള്ളവര്‍ ഈ കേസ് സ്റ്റഡി കൂടി വായിക്കുക)

2. ‘ഫ്ലാബി റെക്കോഡിങ്ങ്’ (ശക്തി കുറഞ്ഞ ശബ്ദരേഖ)


മൈക്കിന് പിടിച്ചെടുക്കാന്‍ ആവശ്യത്തിനു ശക്തിയിലുള്ള ശബ്ദ വീചികള്‍ കിട്ടാതെ വരുമ്പോഴാണ് പൊതുവേ ഈ പ്രശ്നം കണ്ടു വരുന്നത്. മൈക്കിനെ കുറച്ചുക്കൂടി അടുത്തു പിടിച്ചോ അല്ലെങ്കില്‍ കുറച്ചുക്കൂടെ ഉറക്കെ പാടിയോ ഈ പ്രശ്നം ഇല്ലാതാക്കാം. ഇതു രണ്ടു കൊണ്ടും മാറുന്നില്ലെങ്കില്‍ നല്ല മൈക്ക് വാങ്ങാന്‍/റെക്കോഡിങ്ങ് ഹാര്‍ഡ്‌വെയര്‍ വാങ്ങാന്‍ സമയമായി എന്നു മനസിലാക്കാം.

ഇത് ഒരു പരിധി വരെ പാകപ്പെടുത്തലില്‍ മറയ്ക്കാന്‍ പറ്റും. അതിസൂക്ഷ്മമായ തരംഗവ്യതിയാനങ്ങള്‍ ഈ റെക്കോഡിങ്ങില്‍ പതിഞ്ഞിട്ടുണ്ടാവില്ല എന്ന കുറവുണ്ടാകുമെങ്കിലും ശ്രവണസുഖം അധികം നഷ്ടപ്പെടില്ല. ഇതിനെ മറയ്ക്കാനായി ‘ആമ്പ്ലിഫൈ‘ എന്ന എഫക്റ്റ് ഉപയോഗിക്കാം. ആമ്പ്ലിഫൈ ചെയ്യുമ്പോള്‍ ഏറ്റവും ഉയരത്തിലുള്ള തരംഗത്തിന്റെ തലഭാഗം ഒരു 80-90% ഉയരത്തില്‍ വരാന്‍ പാകത്തില്‍ ചെയ്യുന്നതു നന്നായിരിക്കും. ഒരു സാമാന്യധാരണ കിട്ടാന്‍ ആദ്യത്തെ ചിത്രം നോക്കുക.


നമ്മള്‍ രേഖപ്പെടുത്തിയ ശബ്ദം, നമ്മുടെ കേള്‍വിക്കാര്‍ക്ക് സുഖമുള്ള ഒരു അനുഭവമാകണമെങ്കില്‍, അതിന് ആവശ്യത്തിനു ശക്തിയും അതിലെ സൂക്ഷ്മ വ്യതിയാനങ്ങളും വളരെ ആവശ്യമാണ്. അതിനാല്‍ മേല്‍പ്പറഞ്ഞ രണ്ടും ശബ്ദം രേഖപ്പേടുത്തുമ്പോള്‍ തന്നെ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. മിനുക്കു പണി നന്നാവണമെങ്കില്‍ ചിത്രം നന്നായിരിക്കണം എന്നപോലെ പാകപ്പെടുത്തുമ്പോള്‍ നന്നായിരിക്കാന്‍ അത് രേഖപ്പെടുത്തുമ്പോഴേ നന്നായിരുന്നാല്‍ നന്ന്.

-ശനിയന്‍, ആദിത്യന്‍