കഴിഞ്ഞ
അദ്ധ്യായത്തില്‍ എങ്ങനെ ആട്ടവും പാട്ടും പേജില്‍ ഉള്‍പ്പെടുത്താം എന്ന്
കണ്ടല്ലോ? ഈ അദ്ധ്യായത്തില്‍ ശബ്ദം രേഖപ്പെടുത്തലും അതിനു ശേഷം നടത്താവുന്ന ചെറിയ സൂത്രപ്പണികളും ആണ് പ്രതിപാദ്യം. ഒരുപാട് പേര് കവിത ചൊല്ലുവാനും കേള്‍ക്കുവാനും താല്പ്പര്യമെടുക്കുന്നതിനാലാണ് ഇത് വിഷയമാക്കുന്നത്.
ഒരു മൈക്ക് കുത്താനുള്ള വകുപ്പുള്ള കമ്പ്യൂട്ടറും, മൈക്കും, റെക്കോഡ് ചെയ്ത് പ്രോസസ് ചെയ്യാനും ഉള്ള സോഫ്റ്റ്വെയറും ഉണ്ടെങ്കില്‍ ആര്‍ക്കും ഈ പരിപാടി ചെയ്യാം.റെക്കോഡ് ചെയ്യാനും അതിനെ പ്രോസസ് ചെയ്യാനും, ഫ്രീ ടൂള്‍ ആയ
ഒഡാസിറ്റി ആണ് ഉപയോഗിക്കാന്‍ പോകുന്നത്. ഒഡാസിറ്റിയുടെ പ്രധാന സ്ക്രീന്‍ ഇവിടെ കാണിച്ചിരിക്കുന്നു: (വലുതാക്കി നോക്കുക)

ആദ്യ പടി, ശബ്ദം രേഖപ്പെടുത്തലാണ്. മൈക്ക് ശരിയായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം, റെക്കോഡ് ബട്ടബ് ഞെക്കി റെക്കോഡ് ചെയ്യാന്‍ ആരംഭിക്കുക. റെക്കോഡ് ചെയ്യാന്‍ പറ്റാവുന്നേടത്തോളം നിശ്ശബ്ദമായ ഒരു സ്ഥലം തിരിഞ്ഞെടുത്താല്‍ നന്നായിരിക്കും. റെക്കോഡ് ചെയ്തു കഴിയുമ്പോള്‍ സ്റ്റോപ്പ് ബട്ടന് ഞെക്കിയാല്‍, മുകളില്‍ കാണുന്ന പോലെ റെക്കോഡ് ചെയ്യപ്പെട്ടതിന്റെ തരംഗ രൂപം കാണാം. ഇത് സേവ് ചെയ്തു വെക്കുക. പറ്റുമെങ്കില്‍ ഒരു കോപ്പി എടുത്തു വെക്കുക.
ഉദാഹരണത്തിന് ഇതൊന്നു കേട്ടു നോക്കു:
powered by ODEO റെക്കോഡ് ചെയ്തപ്പോള്‍ ഉണ്ടായ അപശബ്ദങ്ങളും (തട്ടല്‍ മുട്ടലുകള്‍, വളരെ ചെറിയ മൂളലും മറ്റും) വളരെ ശ്രദ്ധിച്ച് നമ്മുടെ തരംഗ രൂപത്തില്‍ എവിടെ വരുന്നു എന്ന് നോക്കുക. ശ്രദ്ധിക്കുക, അപശബ്ദങ്ങള്‍ റെക്കോഡ് ചെയ്യപ്പെടേണ്ട ശബ്ദത്തിന്റെ കൂടെ ആണ് പതിഞ്ഞിരിക്കുന്നതെങ്കില്‍ അതിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. മൂളലിനെ പിന്നെയും നമുക്ക് ഇല്ലാതാക്കാന്‍ പറ്റും.
അടുത്തതായി, നമുക്ക് ഇതില്‍ അല്‍പ്പം മിനുക്കു പണികള്‍ നടത്താം. ആദ്യം തന്നെ, നമ്മുടെ റെക്കോഡിങ്ങ് കേട്ട് നോക്കുക. അതില്‍ നമ്മള്‍ക്ക് വേണ്ടാത്തത് എന്ത്, എവിടെ എന്നൊക്കെ കണ്ടെത്തലാണ് ഇതുകൊണ്ടുള്ള ഉദ്ദേശ്യം.
അപസ്വര നിര്‍മാര്‍ജ്ജനം (നോയ്സ് റിമൂവല്‍): നമ്മുടെ റെക്കോഡിങ്ങില്‍ അനാവശ്യമായി കടന്നു കൂടിയിരിക്കുന്ന എന്തും അപസ്വരം എന്ന വിഭാഗത്തില്‍ കൂട്ടാം. അങ്ങനെ ഉള്ളത് രണ്ടു തരം ആണ് പ്രധാനമായിട്ടുള്ളത്
1. പിന്നണിയില്‍ സ്ഥിരമായി നില നില്ക്കുന്ന അപശബ്ദങ്ങള്‍
സ്റ്റാറ്റിക്ക് നോയ്സ് എന്നറിയപ്പെടുന്ന ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കാനുള്ള സൂത്രങ്ങള്‍ മിക്ക സോഫ്റ്റ്വെയറുകളിലും ലഭ്യമാണ്.
ഇതിനായി നമുക്ക് ഒഡാസിറ്റിയിലെ നോയ്സ് റിമൂവല്‍ ടൂള്‍ ഉപയോഗിക്കാം. ആദ്യമായി ചെയ്യേണ്ടകാര്യം ഒരു നോയ്സ് പ്രൊഫെയില്‍ ഉണ്ടാക്കാന്‍ ഒഡാസിറ്റിയെ സഹായിക്കലാണ്. നോയ്സ് പ്രൊഫെയില്‍ എന്നാല്‍ നിശ്ശബ്ദമായ അവസ്ഥയില്‍ അന്തരീക്ഷത്തില്‍ നിലവിലുള്ള അപശബ്ദത്തിന്റെ അളവാണ്. അത് തിട്ടപ്പെടുത്തി വെക്കുന്ന പ്രക്രിയയാണ് നമ്മള് ചെയ്യേണ്ടത്. ഇത് നമ്മളെ ആ അപശബ്ദങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും .
a) ആദ്യം റെക്കോഡ് ചെയ്തതില്‍, നമ്മള് നിശ്ശബ്ദമായിരിക്കുന്ന ഒരു ഭാഗത്തു നിന്ന് നിന്ന് ഒരു വളരെ ചെറിയ ഭാഗം (ഏതാനും സെക്കന്‍ഡുകള്‍ മതിയാവും) സെലക്റ്റ് ചെയ്യുക (മൌസ് കൊണ്ട് തുടക്കത്തില്‍ ക്ലിക്ക് ചെയ്ത് പിടിച്ചു കൊണ്ട് വേണ്ട ഭാഗം വരെ വലിച്ചാല്‍ മതിയാവും).
b) മെനുവില്‍ എഫക്റ്റ് -> നോയ്സ് റിമൂവല്‍ സെലക്റ്റ് ചെയ്യുക. വന്ന ഡയലോഗ് ബോക്സില്‍ ഗെറ്റ് നോയ്സ് പ്രൊഫെയില്‍ എന്ന ബട്ടന് ഞെക്കുക.
c) മുഴുവന്‍ റെക്കോഡിങ്ങും സെലക്റ്റ് ചെയ്യുക
d) വീണ്ടും മെനുവില്‍ എഫക്റ്റ് -> നോയ്സ് റിമൂവല്‍ സെലക്റ്റ് ചെയ്യുക. എന്നിട്ട് പ്രിവ്യൂ എന്ന ബട്ടന് ഞെക്കി കേട്ടു നോക്കുക. ആവശ്യാനുസരണം നടുക്കുള്ള സ്ലൈഡറിനെ ഇടത്തോട്ടോ വലത്തോട്ടോ നീക്കി, ഏറ്റവും നല്ലത് എന്നു തോന്നുന്ന സ്ഥലത്തു വെച്ച് റിമൂവ് നോയ്സ് എന്ന ബട്ടണ്‍ ഞെക്കുക. റെക്കോഡിങ്ങിന്റെ വലിപ്പം അനുസരിച്ചും കമ്പ്യൂട്ടറിന്റെ കഴിവും അനുസരിച്ചു ഇത് ചെയ്തു തീരാനുള്ള സമയം മാറാം.
ശ്രദ്ധിക്കുക: എത്ര ശ്രമിച്ചിട്ടും നോയ്സ് പോകുന്നില്ല അല്ലെങ്കില്‍ ശബ്ദം റോബോട്ടിനേപ്പോലിരിക്കുന്നെങ്കില്, നോയ്സ് പ്രൊഫൈലിങ്ങ് ശരിയായില്ല എന്ന് മനസ്സിലാക്കാം. അങ്ങനെയെങ്കില്‍, മറ്റൊരു സ്ഥലത്തു നിന്നും അല്ലെങ്കില്‍ മറ്റൊരു വലിപ്പത്തിലുള്ള സാമ്പിള്‍ എടുത്ത് ഈ പറഞ്ഞ സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കുക.
ഇപ്പോള്‍
2. അനാവശ്യമായ മറ്റു ശബ്ദങ്ങള്‍ (ഉദാഹരണത്തിന് മൈക്കില്‍ കയ് തട്ടിയത്, ശ്വാസം വലിച്ചത്)
കൂട്ടത്തില്‍ ഇല്ലാതാക്കാന്‍ ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യത ഉള്ള ഇനമാണിത്. നമുക്ക് വേണ്ട ശബ്ദങ്ങളോട് ഇഴപിരിഞ്ഞു കിടക്കുന്നില്ലെങ്കില്‍, നമുക്കിതിനെ എളുപ്പത്തില്‍ മായ്ച്ച് കളയാം. ഇഴപിരിഞ്ഞു കിടക്കാത്ത അപശബ്ദങ്ങളെ തരംഗ രൂപത്തില്‍ നിന്നു സെലക്റ്റ് ചെയ്ത് ഡിലീറ്റ് ചെയ്താല്‍ മതിയാവും.
ഉദാഹരണത്തിന്, മേളില് കാണുന്ന ഫയലിന്റെ ഒന്നു വൃത്തിയാക്കിയാക്കിയ രൂപം ഇവിടെ കേള്‍ക്കാം
powered by ODEOഅനാവശ്യമായിരുന്ന തട്ടും മുട്ടും ശ്വാസമെടുക്കുന്ന ശബ്ദവും ഒക്കെ ഇല്ലാതായി കുറച്ചുകൂടി നല്ല രൂപത്തിലായതു ശ്രദ്ധിക്കുമല്ലോ?
എക്കോ/പ്രതിധ്വനി:ഇനി അല്‍പ്പം എക്കോ കൊടുത്താലോ?
എക്കോ അല്ലെങ്കില്‍ പ്രതിധ്വനി ശബ്ദത്തിന് ഒരു തുടര്‍ച്ച നല്കി ശ്രവണസുഖം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിനായി എക്കോ കൊടുക്കേണ്ട സ്ഥലം സെലക്റ്റ് ചെയ്ത് മെനുവില്‍ നിന്ന് എഫക്റ്റ്സ് -> എക്കോ സെലക്റ്റ് ചെയ്യുക. അവിടെ നമ്മള് രണ്ട് കാര്യങ്ങള്‍ കൊടുക്കേണ്ടതുണ്ട്
1. ഡിലേ - ഒരു ശബ്ദം എത്ര നേരത്തേക്ക് പ്രതിധ്വനിക്കണം എന്ന്
2. ഡീക്കേ - ഒരു ശബ്ദത്തിന്റെ പ്രതിധ്വനി എത്ര പെട്ടെന്ന് ഇല്ലാതാവണം എന്ന്
വളരെ ചെറിയ ഒരു വില കൊടുത്ത് തുടങ്ങാം.. താഴെ കൊടുത്തിരിക്കുന്ന ഫയലില്‍ ഞാന്‍ ഡിലേ 0.15 ഉം ഡീക്കേ 0.21 ഉം ആണു കൊടുത്തിരിക്കുന്നത്. ഒരു വില കൊടുത്ത് പ്രിവ്യൂ അടിച്ചു നോക്കുക. അവനവനു കേള്‍ക്കാന്‍ ഏറ്റവും സുഖം തോന്നുന്ന ഒരു വിലയില്‍ പരീക്ഷണം അവസാനിപ്പിച്ച് ഓക്കെ അടിക്കുക.
ഇതാ:
powered by ODEOശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. എപ്പോള്‍ അബദ്ധം പറ്റിയാലും അണ്‍ഡൂ ഉപയോഗിക്കുക.
2. കേട്ടിഷ്ടമായാല് ബാക്ക് അപ്പ് എടുക്കുക
3. ഒരിക്കല്‍ ശരിയായില്ലെങ്കില്‍ ദേഷ്യപ്പെടാതെ വീണ്ടും ശ്രമിക്കുക
4. ഒരു റെക്കോഡിങ്ങിനു ചേര്‍ന്ന വില എല്ലാത്തിനും ഇടാതിരിക്കുക. ഓരോ റെക്കോഡിങ്ങിനും അതിന്റേതായ വിലകള്‍ കണ്ടെത്തുക.
-ശനിയന്‍, ആദിത്യന്